കണ്ണൂരിൽ സാമൂഹിക മാധ്യമങ്ങളിലെ പോർവിളിയെ തുടർന്ന് സിപിഎം - ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പാനൂരിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ബോംബ് എറിയുന്ന ദൃശ്യം പോസ്റ്റ് ചെയ്ത് ഭീഷണി മുഴക്കിയ റെഡ് ആർമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് കേസിനാധാരം.

കണ്ണൂർ: സമൂഹിക മാധ്യമങ്ങളിലെ പോർവിളിയുമായി ബന്ധപ്പെട്ട് സിപിഎം - ലീഗ് പ്രവർത്തകർക്കെതിരെ കേസ്. റെഡ് ആർമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും കമന്‍റുകളുമൊക്കെയാണ് കേസിന് കാരണം. ബോംബ് എറിയുന്ന ദൃശ്യം പോസ്റ്റ് ചെയ്തായിരുന്നു ലീഗിനുള്ള ഭീഷണി. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.

16ാം തിയ്യതിയാണ് ബോംബ് എറിയുന്ന ദൃശ്യം റെഡ് ആർമിയുടെ ഇൻസ്റ്റഗ്രാം ഐഡിയിൽ വന്നത്. അന്ന് പൊലീസ് കേസെടുത്തിരുന്നില്ല. പക്ഷേ സ്പെഷ്യൽ ബ്രാഞ്ച് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ സാമൂഹിക മാധ്യമങ്ങളിൽ നീക്കം നടക്കുന്നുവെന്നായിരുന്നു റിപ്പോർട്ട്. തുടർന്നാണ് കേസെടുത്തത്. ബി എൻ എസ് 192 വകുപ്പ് പ്രകാരം കലാപത്തിന് ആഹ്വാനം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.

പാനൂർ പാറാട് മേഖലയിൽ കുന്നോത്തുപറമ്പ് പഞ്ചായത്ത് ഭരണം യു ഡി എഫ് പിടിച്ചതോടെയാണ് വലിയ സംഘർഷമുണ്ടായത്. വടിവാൾ പിടിച്ച് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തെരുവിൽ ലീഗ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ കല്ലേറുമുണ്ടായി. അതിനു ശേഷം ലീഗ് - സിപിഎം ഓഫീസുകൾ ആക്രമിക്കപ്പെടുന്ന സ്ഥിതിയുമുണ്ടായി. പ്രകോപനം സാമൂഹിക മാധ്യമങ്ങളിലുമെത്തി. 'കണ്ണൂരിലെ കണ്ണായ പാനൂരിലെ സഖാക്കളാരും കാശിക്ക് പോയിട്ടില്ലെന്ന് ഓർമിപ്പിക്കുന്നു' എന്ന് പറഞ്ഞാണ് ബോംബ് എറിയുന്ന ദൃശ്യം പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കേസെടുത്തത്. ഈ ദൃശ്യവും ഇതിലെ പ്രകോപനപരമായ കമന്‍റുകളുമാണ് കേസിന് ആധാരം.

YouTube video player