ബഹിരാകാശ ദൗത്യങ്ങളുടെ ഊർജാവശ്യത്തിനായി ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ റഷ്യയും അമേരിക്കയും പദ്ധതിയിടുന്നു. അടുത്ത ദശകത്തിൽ ചൈനയുമായി സഹകരിച്ച് ഒരു നിലയം സ്ഥാപിക്കാൻ റഷ്യ ലക്ഷ്യമിടുമ്പോൾ, 2030-ഓടെ പദ്ധതി നടപ്പാക്കാൻ നാസയും തയ്യാറെടുക്കുന്നു.
ഭൂമിക്ക് പുറത്തുള്ള ജീവനെ തേടിയും ഗ്രഹങ്ങളെ തേടിയുമുള്ള മനുഷ്യന്റെ പര്യവേക്ഷണത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച് സോവിയറ്റ് യൂണിയൻ ആദ്യം ലോകത്തെ ഞെട്ടിച്ചു. പിന്നീട് അമേരിക്കയുടെ ഊഴമായിരുന്നു. ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തിൽ മനുഷ്യനെ എത്തിക്കുക എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ശീതയുദ്ധകാലത്ത് ബഹിരാകാശ രംഗത്തെ റഷ്യയുടെ മേൽക്കോയ്മ ഇല്ലാതാക്കുക എന്നൊരു ലക്ഷ്യവും അമേരിക്കക്കുണ്ടായിരുന്നു. അങ്ങനെ ആദ്യമായി 1969 ജൂലൈ 20ന് അമേരിക്ക അപ്പോളോ പേടകത്തിൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കി. അതിന് ശേഷവും നിരവധി അപ്പോളോ ദൗത്യങ്ങൾ തുടർന്നു.
പിന്നീട് ഇന്ത്യയും ചൈനയുമുൾപ്പെടെ നിരവധി രാജ്യങ്ങൾ ബഹിരാകാശ രംഗത്തേക്ക് കടന്നു. ഇന്ത്യ മൂന്ന് ചന്ദ്രയാൻ ദൗത്യങ്ങൾ പൂർത്തിയാക്കി. ചൈനയാകട്ടെ ഒരുപാട് മുന്നോട്ട് കുതിച്ചു. ഈ രംഗത്തെ ഏറ്റവും പുതിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബഹിരാകാശ ദൗത്യങ്ങളുടെ ഊർജാവശ്യത്തിനായി ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യത്തിനാണ് മുൻനിര രാജ്യങ്ങൾ മുന്നോട്ട് വരുന്നത്.
ചന്ദ്രനിൽ ആണവ പ്ലാന്‍റ്, പദ്ധതിയുമായി റഷ്യ
ഭൂമിയുടെ ഉപഗ്രഹവും ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതുമായ ചന്ദ്രനിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ ശ്രമിക്കുകയാണ് വമ്പന്‍ രാജ്യങ്ങൾ. റഷ്യയാണ് പര്യവേക്ഷണത്തിന് മുന്നിൽ നിൽക്കുന്നത്. അടുത്ത ദശകത്തിൽ ചന്ദ്രനിൽ ഒരു ആണവ നിലയം സ്ഥാപിക്കാൻ റഷ്യ പദ്ധതിയിടുന്നു. ചന്ദ്ര ബഹിരാകാശ പദ്ധതികൾക്കും സംയുക്ത റഷ്യൻ-ചൈനീസ് ഗവേഷണ കേന്ദ്രത്തിനും ആവശ്യമായ ഊർജം ലക്ഷ്യമിട്ടാണ് പദ്ധതി ആലോചിക്കുന്നത്. ഇന്ത്യയും ചൈനയും പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ചൈന പറയുന്നു. 1961-ൽ സോവിയറ്റ് ബഹിരാകാശയാത്രികൻ യൂറി ഗഗാറിൻ ബഹിരാകാശത്തേക്ക് എത്തിച്ചതിന് ശേഷം ബഹിരാകാശ പര്യവേഷണത്തിലെ മുൻനിര ശക്തിയായി റഷ്യ മാറിയെങ്കിലും സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം ഈ രംഗത്ത് അമേരിക്ക ഏറെ മുന്നിൽപോയി. ഇപ്പോൾ റഷ്യയും ഇന്ത്യയും ബഹിരാകാശ രംഗത്ത് കരുത്ത് വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് റഷ്യയുടെ പുതിയ പദ്ധതി.
2036 ഓടെ ഒരു ചാന്ദ്ര വൈദ്യുത നിലയം നിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും പദ്ധതി പൂർത്തീകരിക്കുന്നതിനായി ലാവോച്ച്കിൻ അസോസിയേഷൻ എയ്‌റോസ്‌പേസ് കമ്പനിയുമായി കരാർ ഒപ്പിട്ടതായും റഷ്യയുടെ സ്റ്റേറ്റ് സ്‌പേസ് കോർപ്പറേഷനായ റോസ്‌കോസ്‌മോസ് പ്രസ്താവനയിൽ പറഞ്ഞു. പ്ലാന്റ് ആണവ നിലയമായിരിക്കുമോയെന്ന കാര്യത്തിൽ റോസ്‌കോസ്‌മോസ് വ്യക്തമാക്കിയില്ല. എന്നാൽ റഷ്യൻ സ്റ്റേറ്റ് ന്യൂക്ലിയർ കോർപ്പറേഷൻ റോസാറ്റവും റഷ്യയിലെ പ്രമുഖ ആണവ ഗവേഷണ സ്ഥാപനമായ കുർചാറ്റോവ് ഇൻസ്റ്റിറ്റ്യൂട്ടും പങ്കെടുത്തവരിൽ ഉൾപ്പെട്ടത് നിർമിക്കുന്ന ആണവ നിലയാണെന്ന അഭ്യൂഹം ശക്തമാക്കിയിട്ടുണ്ട്. റോവറുകൾ, നിരീക്ഷണ കേന്ദ്രം, റഷ്യൻ-ചൈനീസ് സംയുക്ത അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ റഷ്യയുടെ ചാന്ദ്ര പരിപാടിക്ക് ഊർജ്ജം പകരുക എന്നതാണ് പ്ലാന്റിന്റെ ലക്ഷ്യമെന്ന് റോസ്‌കോസ്‌മോസ് പറഞ്ഞു.
അമേരിക്കക്കുമുണ്ട്, സ്വപ്നങ്ങളേറെ
റഷ്യ മാത്രമല്ല, സമാന പദ്ധതിയുമായി അമേരിക്കയും മുന്നോട്ട് പോകുന്നു. 2030 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തോടെ ചന്ദ്രനിൽ ഒരു ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള ഉദ്ദേശ്യം നാസ ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. നമ്മൾ ചന്ദ്രനിലേക്കുള്ള ഓട്ടത്തിലാണ്, ചൈനയുമായാണ് മത്സരം. ചന്ദ്രനിൽ അടിത്തറ സ്ഥാപിക്കണമെങ്കിൽ നമുക്ക് ഊർജ്ജം ആവശ്യമാണെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു. ചന്ദ്രനിലേക്കുള്ള ഓട്ടത്തിൽ അമേരിക്ക നിലവിൽ പിന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചന്ദ്രനിൽ ജീവൻ നിലനിൽക്കാൻ അനുവദിക്കുന്നതിനും അതുവഴി മനുഷ്യർക്ക് ചൊവ്വയിലെത്തുന്നതിനും ഊർജ്ജം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം ബഹിരാകാശത്ത് ആണവായുധങ്ങൾ സൂക്ഷിക്കാൻ പാടില്ല. പക്ഷേ ആണവോർജ്ജ സ്രോതസ്സുകൾ ബഹിരാകാശത്ത് വിക്ഷേപിക്കുന്നതിന് വിലക്കുകളൊന്നുമില്ല. ഭൂമിയിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ഹീലിയത്തിന്റെ ഐസോടോപ്പായ ഒരു ദശലക്ഷം ടൺ ഹീലിയം-3 ചന്ദ്രനിൽ ഉണ്ടെന്ന് നാസ പറയുന്നു. ബോയിംഗിന്റെ ഗവേഷണ പ്രകാരം, സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, നൂതന സാങ്കേതികവിദ്യകൾ എന്നിവയിൽ ഉപയോഗിക്കുന്ന അപൂർവ ഭൗമ ലോഹങ്ങളും ചന്ദ്രനിൽ യഥേഷ്ടം ലഭ്യമാണ്.
