കൊല്ലം വിജിലൻസ് കോടതിയിൽ ഇന്നലെ പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയായിരുന്നു. ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെടുന്നയാളാണ് തന്ത്രിയെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും പ്രതിഭാഗം വാദിച്ചു.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷൻ്റെ വാദം നടക്കും. കൊല്ലം വിജിലൻസ് കോടതിയിൽ ഇന്നലെ പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയായിരുന്നു. ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെടുന്നയാളാണ് തന്ത്രിയെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ഗൂഢാലോചനയിൽ അടക്കം തന്ത്രിക്ക് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ വാദം. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം തുടരുന്നത്.
ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ.വാസു സമർപ്പിച്ച ജാമ്യഹർജിയിലും ഇന്ന് വാദം നടക്കും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് പ്രതി സ്വാഭാവിക ജാമ്യം തേടിയത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതും ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ.വാസു.
കൂടുതൽ പേർ പ്രതികളാകും
ശബരിമല സ്വർണക്കൊള്ള കേസില്‍ കൂടുതൽ പേർ പ്രതികളാകുമെന്ന് പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക പാളി കേസിൽ രണ്ട് പേരെയും കട്ടിള പാളി കേസിൽ ഒരാളെയും പ്രതി ചേര്‍ക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ആകെ നാല് പേരുടെ പങ്കാളിത്തത്തിൽ കൂടുതൽ പരിശോധന നടത്തിയെന്നും കുറ്റകൃത്യത്തിൽ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്നും എസ്ഐടി വ്യക്തമാക്കി. ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയില്‍ പ്രാഥമിക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. യുഡിഎഫ് ഭരണസമിതിയുടെ കാലത്തെ കൊടിമര പുനർനിർമ്മാണത്തിലെ ക്രമക്കേടിൽ സംസ്ഥാന വിജിലൻസ് ഡയറക്ടർ പ്രത്യേക ടീം രൂപീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കൊടിമരത്തിന്റെ നിർമ്മാണവും ഇൻസ്റ്റാളേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും, രേഖകളും, മഹസറുകളും, അക്കൗണ്ടുകളും, അനുബന്ധ രേഖകളും, കൈമാറാനാണ് നിർദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു. സ്പോൺസർമാരുടെ മൊഴികൾ രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


