കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. റിമാൻഡ് 90 ദിവസം പൂർത്തിയായതോടെയാണ് കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിന് ജാമ്യം. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതിന് പിന്നാലെ സമർപ്പിച്ച ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം നൽകിയത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്. ജാമ്യം ലഭിച്ചെങ്കിലും കെ.എസ്.ബൈജുവിന് പുറത്തിറങ്ങാനാകില്ല. ദ്വാരപാലക കേസിൽ റിമാൻഡിൽ തുടരും. ഈ മാസം 25 ന് ദ്വാരപാലകയിൽ സ്വാഭാവിക ജാമ്യ ഹർജി സമർപ്പിക്കും. സ്വർണ്ണക്കൊള്ളയിൽ ഇതുവരെ അഞ്ച് പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും എൻ.വാസുവും ഉൾപ്പടെ നാല് പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു.



