വർക്കല നാരായണ ഗുരുകുലത്തിൻ്റെ അധ്യക്ഷനും എഴുത്തുകാരനുമായ ഗുരു മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. പത്മശ്രീ, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ അദ്ദേഹം നൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്.
തിരുവനന്തപുരം: ആത്മീയാചര്യനും പണ്ഡിതനും അധ്യാപകനും ഗ്രന്ഥകാരനുമായ ഗുരു മുനി നാരായണ പ്രസാദ് അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പുലർച്ചെയായിരുന്നു അന്ത്യം. വർക്കല നാരായണ ഗുരുകുലത്തിൻ്റെ അധ്യക്ഷനായിരുന്നു മുനി നാരായണ പ്രസാദ്. രാജ്യത്തിനകത്തെയും വിദേശത്തെയും വിവിധ സർവ്വകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. തത്വശാസ്ത്രത്തിലും വേദാന്തത്തിലും അപാര പാണ്ഡിത്യമുണ്ടായിരുന്നു ഗുരു വിവിധ ഭാഷകളിലായി നൂറിലേറെ പുസ്തകങ്ങളെഴുതിയിട്ടുണ്ട്. 2024ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. ഗുരുകുലത്തിലെത്തിച്ച ഭൗതികശരീരത്തിൽ നിരവധി പേര് അന്ത്യാജ്‍ഞലി അർപ്പിച്ചു. വൈകീട്ട് അഞ്ചിന് നടരാജഗുരുവിൻ്റെ സമാധിയോട് ചേർന്നാണ് സംസ്ക്കാരം.
ആത്മീയ ഔന്നത്യത്തിനൊപ്പം സര്‍ഗ്ഗാത്മക സാഹിത്യ ലോകത്തും തനത് വഴിയായിരുന്നു ഗുരു മുനി നാരായണ പ്രസാദിനുണ്ടായിരുന്നത്. നാരായണ ഗുരുകുലത്തിൻ്റെ അധ്യക്ഷന് ലോകമെങ്ങും ശിഷ്യരുണ്ട്. വിദേശത്തെ പ്രമുഖ സർവ്വകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു ഗുരു. ''സ്വതവെ സന്തോഷിക്കേണ്ട സമയമാണെങ്കിലും ഞാനൊരു സന്യാസിയാണ്. അഭിനന്ദനത്തെ നിന്ദിക്കുന്നത് നിന്ദ്യമാണ്. അതുകൊണ്ട് തന്നെ ആഹ്ലാദമൊന്നും കൂടാതെ ഞാനീ പുരസ്കാരം സ്വീകരിക്കുന്നു. ഗുരുകുല ബന്ധുക്കളുടെ സന്തോഷത്തിൽ പങ്കുചേരുന്നു.''
ആത്മീയതക്കൊപ്പം പതിറ്റാണ്ടുകളായി തുടര്‍ന്ന് വന്ന സാഹിത്യ സപര്യക്കുള്ള അംഗീകാരം കൂടിയായി രാജ്യം പദ്മശ്രീ നൽകി ആദരിച്ചപ്പോളുള്ള മുനി നാരായണ പ്രസാദിന്‍റെ വാക്കുകളാണിത്. നടരാജഗുരുവിന്‍റെയും ഗുരു നിത്യചൈതന്യയതിയുടെയും പിൻഗാമിയാണ് ഗുരു മുനി നാരായണ പ്രസാദ്. തലമുറകൾക്ക് അദ്വൈത വേതാന്തം കലര്‍പ്പില്ലാതെ പകര്‍ന്ന് നൽകിയ സന്യാസിവര്യൻ. നാരായണ ഗുരുകുലത്തിന്‍റെ അധ്യക്ഷൻ.
1938-ൽ തിരുവനന്തപുരത്തെ നഗരൂരിൽലായിരുന്നു ജനനം. 1970-ൽ പൊതുമരാമത്ത് വകുപ്പ് എൻജിനീയർ ഉദ്യോഗം രാജിവെച്ച് ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ചു. 1985ൽ ഗുരു നിത്യചൈതന്യയതിയിൽ നിന്നാണ് സന്യാസം സ്വീകരിച്ചത്. ഉപനിഷത്തുക്കൾക്കും ഭഗവദ്ഗീതയ്ക്കും വിവർത്തനവും വ്യാഖ്യാനവും അടക്കം നിരവധി ഗ്രന്ഥങ്ങളുണ്ട്. സൗന്ദര്യലഹരിയുടെ വിവര്‍ത്തനത്തിനായിരുന്നു 2015 ലെ സാഹിത്യ അക്കാദമി പുരസ്കാരം. ആത്മായനം എന്ന ആത്മകഥയ്ക്കും കേരള സാഹിത്യ അക്കാദമിയുടെ അംഗീകാരം ലഭിച്ചു. നാരായണഗുരുവിന്റെ വേദാന്ത സൂത്രത്തിനും ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനം, നാരായണ ഗുരുവിന്റെ എല്ലാ പദ്യ കൃതികളുടെയും സ്വതന്ത്രമായ വ്യാഖ്യാനം തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറിലേറെ കൃതികൾ വേറെയുമുണ്ട്.
ആത്മീയയുടെ ചതുരവടിവ് മാത്രമല്ല, സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളിൽ തുടങ്ങി ലോകസമാധാന വേദിയോളം വളര്‍ന്ന് മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച മഹദ് വ്യക്തിത്വമെന്ന നിലയിലാണ് ഗുരു മുനി നാരായണ പ്രസാദിന്റെ ഇടം. ആശയങ്ങളെ അടിച്ചേല്‍പ്പിക്കാതിരിക്കുക, അറിവ് തേടിയെത്തുവര്‍ക്ക് അഭയമാകുക. അതായിരുന്നു എന്നും മുനി നാരായണ പ്രസാദിന്‍റെ വഴി.

