കേരളത്തിലെ റെയിൽവേ യാത്രാക്ലേശം പരിഹരിക്കാൻ ലക്ഷ്യമിട്ട് ആലപ്പുഴ - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ - പറളി ബൈപാസ് ലൈൻ എന്നീ രണ്ട് സുപ്രധാന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഈ പദ്ധതികൾ യാത്രാസമയം ഗണ്യമായി കുറയ്ക്കും.

തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമൊരുക്കാൻ രണ്ട് വൻകിട പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയെന്ന് സുരേഷ് ഗോപി എംപി. ആലപ്പുഴ - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ - പറളി ബൈപാസ് ലൈൻ എന്നിവയ്ക്കാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‍റെ പച്ചക്കൊടി ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്‍റെയും നേതൃത്വത്തിൽ കേരളത്തിന്‍റെ റെയിൽവേ വികസനത്തിന് കരുത്തേകുന്ന തീരുമാനമാണിതെന്ന് സുരേഷ് ഗോപി എംപി അറിയിച്ചു.

ആലപ്പുഴ - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ

എറണാകുളം - തുറവൂർ - കായംകുളം റൂട്ടിലെ ട്രെയിൻ ഗതാഗതത്തിന് വലിയ തടസമായിരുന്ന സിംഗിൾ ലൈൻ കുരുക്ക് ഇതോടെ ഇല്ലാതാകും. 12.66 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിക്കായി 324.16 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പാത ഇരട്ടിപ്പിക്കുന്നതോടെ പ്രതിദിനം ഇരുവശങ്ങളിലേക്കുമായി ഒമ്പത് പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി സർവീസ് നടത്താൻ സാധിക്കും. ചരക്ക് നീക്കം വേഗത്തിലാകുന്നതിലൂടെ റെയിൽവേയുടെ വരുമാനത്തിലും വലിയ വർദ്ധനവ് പ്രതീക്ഷിക്കുന്നു.

പാലക്കാട് ടൗൺ - പറളി ബൈപാസ് ലൈൻ

പാലക്കാട് വഴിയുള്ള ട്രെയിൻ യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. 1.80 കിലോമീറ്റർ വരുന്ന ബൈപാസ് ലൈനിനായി 163.57 കോടി രൂപ അനുവദിച്ചു. പാലക്കാട് ജംഗ്ഷനിൽ എൻജിൻ മാറ്റുന്നത് മൂലമുണ്ടാകുന്ന കാലതാമസം ഇതോടെ ഒഴിവാകും. പാസഞ്ചർ ട്രെയിനുകൾക്ക് 40 മുതൽ 44 മിനിറ്റ് വരെയും, ചരക്ക് തീവണ്ടികൾക്ക് ഏകദേശം രണ്ട് മണിക്കൂറും (120 മിനിറ്റ്) യാത്രാസമയം ലാഭിക്കാം. ഷൊർണൂർ, തിരുവനന്തപുരം, പൊള്ളാച്ചി ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയക്രമം മെച്ചപ്പെടാൻ ഈ ബൈപാസ് സഹായിക്കും.