തുടര്‍ച്ചയായി വാഹന അപകടങ്ങള്‍ക്ക് കാരണമാകുന്ന തൃശൂര്‍ കൈപ്പറമ്പിലെ റോഡരികിലെ മര കുറ്റി കെഎസ്ടിപി അധികൃതര്‍ മാറ്റി

തൃശൂര്‍: തുടര്‍ച്ചയായി വാഹന അപകടങ്ങള്‍ക്ക് കാരണമാകുന്ന തൃശൂര്‍ കൈപ്പറമ്പിലെ റോഡരികിലെ മര കുറ്റി കെഎസ്ടിപി അധികൃതര്‍ മാറ്റി. കഴിഞ്ഞ ദിവസം മുണ്ടൂര്‍ പഴയങ്ങാടി റോഡരികിലെ മരവും കൈപ്പറമ്പ് ജംഗ്ക്ഷനിലെ മരക്കുറ്റിയും അടിയന്തരമായും നീക്കം ചെയ്യാന്‍ കെഎസ്ടിപി എഞ്ചിനീയര്‍ കരാര്‍ കമ്പനി അധികൃതര്‍ക്ക് നിർദേശം നല്‍കിയിരുന്നു. റോഡരികിലുള്ള മരത്തില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മരവും മര കുറ്റിയും അടിയന്തിരമായി നീക്കം ചെയ്യാന്‍ കെഎസ്ടിപി എന്‍ജിനീയര്‍ റിജോ റിന്ന കരാര്‍ കമ്പനി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിന്‍റെ ഭാഗമായാണ് കൈപ്പറമ്പ് ജംഗ്ക്ഷനിലെ മരക്കുറ്റി ഇളക്കി മാറ്റിയത്. ഈ ഭാഗം കോണ്‍ക്രീറ്റ് ചെയ്യുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു. മുണ്ടൂരിലെ മരം മുറിച്ചു മാറ്റാന്‍ തുടര്‍ നടപടികളാരംഭിച്ചിട്ടുണ്ട്.