സമസ്തയുടെ ആഭ്യന്തര കാര്യങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം. ഈ നിലപാടിനെ മുസ്ലീം ലീഗ് നേതാവ് കുറുക്കോളി മൊയ്തീനും പിന്തുണച്ചു.
മലപ്പുറം: സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം. ആർക്കൊക്കെ പദവി നൽകണം, ആരയൊക്കെ ചേർക്കണം എന്നൊന്നും രാഷ്ടീയക്കാർ സമസ്ത നേതൃത്വത്തോട് പറയരുത്. അതൊക്കെ തീരുമാനിക്കാൻ യോഗ്യരായ നേതൃത്വം സമസ്തക്കുണ്ടെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കി. സമസ്ത ജാഥയിൽ മലപ്പുറം തിരൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയെ ചുരുട്ടി മടക്കി തങ്ങളുടെ കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും രാഷ്ട്രീയക്കാരും ഭരണാധികാരികളും കരുതേണ്ടതില്ലെന്ന് തിരൂർ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കുറുക്കോളി മൊയ്തീനും പറഞ്ഞു. രാഷ്ട്രീയക്കാർ സമസ്തയുടെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ല എന്ന നിലപാട് തികച്ചും ശരിയാണെന്നും എംഎൽഎ ജാഥയിൽ വ്യക്തമാക്കി.
ചരിത്രം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി
പുത്തരിക്കണ്ടം മൈതാനത്ത് സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തിരുന്നു. വർഗീയ ശക്തികൾക്കെതിരെ നെഞ്ച് വിരിച്ച നിന്ന ചരിത്രമാണ് ഇടതുപക്ഷത്തിന്റേതെന്ന് മുഖ്യമന്ത്രി പരിപാടിയിൽ പിണറായി വിജയൻ പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങൾക്ക് തല ഉയർത്തി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്ന് പിണറായി പറഞ്ഞു. ഇടത് സർക്കാരാണ് മലപ്പുറം ജില്ലയ്ക്ക് രൂപം നൽകിയത്. മലപ്പുറം രൂപീകരിക്കുമ്പോൾ ഇടത് സർക്കാർ നേരിട്ട വിമർശനങ്ങൾ അറിയാമല്ലോ. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷം എക്കാലവും സവിശേഷതയോടെ കണ്ടു. അത് ഏതെങ്കിലും തെരഞ്ഞെടുപ്പ് ഫലം വച്ചു അളക്കാവുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവരെ ചേർത്തുപിടിച്ച് മുന്നോട്ട് പോകുന്നതിനും സംസ്ഥാന സർക്കാർ എല്ലാ ഘട്ടത്തിലും തയ്യാറായിട്ടുണ്ട്. ഇനിയും തയ്യാറാകും എന്ന ഉറപ്പാണ് നൽകുന്നത്. നമ്മുടെ നാടിൻ്റെ മതനിരപേക്ഷത സൂക്ഷിക്കാൻ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. വർഗീയത തലയുയർത്തുമ്പോഴെല്ലാം ഇടതുപക്ഷം ശക്തമായി നിലകൊണ്ടു. മലബാർ കലാപത്തിന് ശേഷം മുസ്ലിം പള്ളി നിർമ്മാണത്തിന് ഉണ്ടായിരുന്ന വിലക്ക് നീക്കിയത് ഇഎംഎസ് സർക്കാരാണ്. മലബാർ മേഖലയിൽ കൂടുതൽ സ്കൂളുകൾ നിർമ്മിച്ചത് 1957 ലെ സർക്കാരാണ്. മലപ്പുറം ജില്ല രൂപീകരിച്ചതും ആ സർക്കാരാണ്.
ഇതെല്ലാം ന്യൂനപക്ഷങ്ങളെ എല്ലാകാലത്തും ചേർത്തു പിടിച്ചിട്ടുണ്ടെന്നതിന് തെളിവാണ്. ന്യൂനപക്ഷ സംരക്ഷണം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല. എൽഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനം നോക്കിയാൽ വ്യക്തമാകും. നാടിൻറെ പുരോഗതിക്കും സമാധാനത്തിനും അനുകൂലമായി ചിന്തിക്കുന്നവർ മതനിരപേക്ഷതയുടെ പക്ഷത്ത് ഉറച്ചുനിൽക്കണം. ന്യൂനപക്ഷങ്ങളെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്ന ശക്തികൾ നാട്ടിലുണ്ട്. അത് തിരിച്ചറിയാൻ ആകണം. നാടിന്റെ ഐക്യവും സമാധാനവും തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന ഉറച്ച സന്ദേശം ഈ യാത്രയിൽ പ്രചരിപ്പിക്കാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


