വാൽപ്പാറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 9 മലപ്പുറം സ്വദേശികൾക്ക് ജീവൻ നഷ്ടമായി ദുരന്തത്തിൽ അനുശോചന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി, പ്രതിപക്ഷ നേതാവ് സതീശൻ എന്നിവർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി

കോയമ്പത്തൂർ: തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ രംഗത്ത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് കേട്ടപ്പോൾ അതീവ ദുഃഖം തോന്നിയെന്നും അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും മോദി വ്യക്തമാക്കി. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങി രാഷ്ട്രീയ കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം വേദന പങ്കുവച്ച് രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ അനുശോചനം

വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണ്. മലപ്പുറം ജില്ലയിലെ സ്കൂൾ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. അവരുടെ വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് ആവശ്യമെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകും.

പ്രതിപക്ഷ നേതാവിന്‍റെ അനുശോചനം

വളരെ ദുഃഖകരവും വേദനാജനകവുമായ വാര്‍ത്തയാണ് വാല്‍പ്പറയില്‍ നിന്നും വരുന്നത്. മലപ്പുറം പാങ് ചേണ്ടി പാറമ്മല്‍ എല്‍.പി സ്‌കൂളിലെ അധ്യാപകരുടെ സംഘമാണ് പൊള്ളാച്ചി- വാല്‍പ്പാറ റോഡില്‍ അപകടത്തില്‍പ്പെട്ടത്. ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന വിവരം. പരിക്കേറ്റവര്‍ പൊള്ളാച്ചി, കോയമ്പത്തൂര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

കണ്ണീരണിഞ്ഞ് കേരളം

കേരളത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തമായി വാൽപ്പാറ അപകടം മാറിക്കഴിഞ്ഞു. മലപ്പുറത്തെ ജി എൽ പി സ്കൂളിലെ പ്രധാനാധ്യാപികക്കടക്കമാണ് വാൽപ്പാറയിൽ ജീവൻ നഷ്ടമായത്. മലപ്പുറം പാറമ്മൽ ജി എൽ പി സ്കൂളിലെ പ്രധാനാധ്യാപിക അജിതയടക്കം 9 പേരാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു. 7 സ്ത്രീകൾക്കും ഒരു കുട്ടിക്കും ഒരു പുരുഷനുമാണ് ജീവൻ നഷ്ടമായത്.

ജീവൻ നഷ്ടമായർ

1. അജിത 54 ( പ്രധാനാധ്യാപിക) - പുലാമന്തോൾ സ്വദേശി

2. റംല 52 - അധ്യാപിക - പാങ്ങ് സ്വദേശി

3. സുഹറ 43 - അധ്യാപിക - പാങ്ങ് സ്വദേശി

4. ആശ 41 - അധ്യാപിക - പാങ്ങ് സ്വദേശി

5. മജീദ് 43 - അധ്യാപകൻ - പാങ്ങ് സ്വദേശി

6. സാജിത 45 - ആയ - പാങ്ങ് സ്വദേശി

7. ഷക്കീല 37 - പാങ്ങ് - അധ്യാപിക

8. റുഖിയ 39 - മജീദിന്റെ ഭാര്യ

9. ഹിഷാം 12 - സുഹറയുടെ മകൻ

ഗുരുതരമായി പരിക്കേറ്റവർ

10.ഷഹദിൻ 11 - സാജിതയുടെ മകൻ

11. മുഹമ്മദ് ഫാസിത്ത് - ട്രാവലർ ഡ്രൈവർ

12. നൗഷാദ് 39 - ഡ്രൈവർ,സ്കൂൾ

നിസാര പരിക്ക്

14. മസ്നീൻ 11

YouTube video player