കെസി വേണുഗോപാലിൻ്റെ വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തതിന് പിന്നാലെ, സംവാദത്തിന് ക്ഷണിച്ച് വിഡി സതീശൻ. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും, ലൈഫ് മിഷൻ, കെ-റെയിൽ ഉൾപ്പെടെ വിഷയങ്ങളിൽ തൻ്റെ ചോദ്യങ്ങൾക്ക് മറുപടി പ്രതീക്ഷിക്കുന്നുവെന്നും

തിരുവനന്തപുരം: സംവാദത്തിനുള്ള കെസി വേണുഗോപാലിൻ്റെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് പറഞ്ഞും സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചുമാണ് സംവാദത്തിനുള്ള ക്ഷണം. മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് താന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ കെസി വേണുഗോപാൽ പറഞ്ഞ വെല്ലുവിളിക്ക് പകരം നിർദേശം, ക്ഷണം എന്നീ വാക്കുകളാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായുള്ള സംവാദവുമായി ബന്ധപ്പെട്ട ആവശ്യത്തിൽ ഉന്നയിച്ചത്.

ശബരിമല സ്വർണക്കൊള്ളയിൽ 2 സിപിഎം നേതാക്കൾ ജയിലിലാണെന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് വിഡി സതീശൻ നീണ്ട പ്രസ്താവന തുടങ്ങുന്നത്. എം.എല്‍.എയ്ക്കെതിരായ പീഡന പരാതിയിൽ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് കേരളത്തില്‍ നില്‍ക്കുന്നത്. ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ ഇപ്പോഴും അങ്ങയോടൊപ്പമില്ലേ? ആരാണ് കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി? ആരാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരന്‍ ആരായിരുന്നു? പാര്‍ട്ടിയില്‍ ഇപ്പോള്‍ പരാതിക്കാരന്റെ അവസ്ഥ എന്താണ്? അങ്ങയുടെ പാര്‍ട്ടി എം.എല്‍.എ സ്ഥാനം ഉള്‍പ്പെടെ നല്‍കി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തി വച്ചത്? എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയതെന്നും വിഡി സതീശൻ ചോദിക്കുന്നു.

സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് അങ്ങയെ അഭിനന്ദിക്കുന്നു. അങ്ങ് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം ഞാനും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനും അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ് ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്‍ഷന്‍, ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്‍, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ ദുരിതാശ്വാസം, കെ-റെയില്‍ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുണ്ട്.