പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ കോറം തികയാത്തതിനെ തുടർന്ന് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. എൽഡിഎഫ്, ട്വൻ്റി ട്വന്റി അംഗങ്ങൾ വിട്ടുനിന്നു. യുഡിഎഫിന് ഭൂരിപക്ഷമുണ്ടായിട്ടും തെരഞ്ഞെടുപ്പ് നടത്താനായില്ല. മാറ്റിവെച്ച തെരഞ്ഞെടുപ്പ് നാളെ നടക്കും.
എറണാകുളം: പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ അസാധാരണ പ്രതിസന്ധി. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് ഭൂരിഭാഗം അംഗങ്ങളും വിട്ടുനിന്നതോടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടി വന്നു. വെങ്ങോല പഞ്ചായത്തിലെ കക്ഷി നിലയിൽ മുൻതൂക്കം യുഡിഎഫിനാണ്, ഒൻപത് അംഗങ്ങൾ. എന്നാൽ പഞ്ചായത്ത് അധ്യക്ഷ പദത്തിലേക്ക് ജയിക്കാൻ മറ്റ് കക്ഷികളുടെ സഹായമോ, വോട്ടെടുപ്പിലെ പങ്കാളിത്തമോ ആവശ്യമാണ്. ഇത് ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
വെങ്ങോല പഞ്ചായത്തിൽ എൽഡിഎഫിന് എട്ട് അംഗങ്ങളും ട്വൻ്റി ട്വന്റിക്ക് ആറ് അംഗങ്ങളുമാണ് ഉള്ളത്. ഒരാൾ എസ്‌ഡിപിഐയിൽ നിന്നാണ്. ഇന്ന് വോട്ടെടുപ്പിന് യുഡിഎഫ് അംഗങ്ങളും എസ്ഡിപിഐ അംഗവും മാത്രമാണ് എത്തിയത്. എൽഡിഎഫ്, ട്വൻ്റി ട്വൻ്റി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ആകെ 14 അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുക്കാതെ വന്നതോടെയാണ് കോറം തികയാത്ത സാഹചര്യമുണ്ടായത്. മാറ്റിവച്ച പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നാളെ നടത്തുമെന്നാണ് പഞ്ചായത്ത് റിട്ടേണിങ് ഓഫീസർ അറിയിക്കുന്നത്. അതേസമയം ഇന്ന് ഉച്ചകഴിഞ്ഞ് നടക്കാനിരിക്കുന്ന വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലും എൽഡിഎഫ് - ട്വൻ്റി ട്വൻ്റി അംഗങ്ങൾ വിട്ടുനിൽക്കാനാണ് സാധ്യത. അങ്ങിനെ വന്നാൽ വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പും നാളേക്ക് മാറ്റും.

