വെല്ലൂരിൽ നടന്ന ടിവികെ യോഗത്തിന് അനുമതി വൈകിപ്പിച്ചെന്ന ആരോപണത്തിൽ പാർട്ടിയും പൊലീസും തമ്മിലുള്ള തർക്കം രൂക്ഷമായി. അനുമതി വൈകിപ്പിച്ചില്ലെന്ന പൊലീസിന്റെ വാദം തള്ളി ടിവികെ നേതാക്കൾ ദൃശ്യങ്ങൾ പുറത്തുവിട്ടു
ചെന്നൈ: ടിവികെ അധ്യക്ഷൻ നടൻ വിജയ്‌യുടെ വെല്ലൂർ യോഗത്തെ ചൊല്ലി തമിഴ്‌നാട്ടിൽ ടിവികെ -പൊലീസ് തർക്കം രൂക്ഷമാകുന്നു. വെല്ലൂരിൽ പാർട്ടി പരിപാടിക്ക് അനുമതി വൈകിച്ചുവെന്ന ടിവികെ നേതാക്കളുടെ ആരോപണം തള്ളി വെല്ലൂർ പൊലീസ് രംഗത്തെത്തി. ഫെബ്രുവരി 23ലെ യോഗത്തിന് ടിവികെ അപേക്ഷ നൽകിയത് ഫെബ്രുവരി 18 നായിരുന്നുവെന്നും പരിശോധനകൾ പൂർത്തിയാക്കി ഫെബ്രുവരി 22 ന് അനുമതി നൽകിയിരുന്നുവെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
എന്നാൽ പൊലീസ് കള്ളം പറയുന്നുവെന്ന് ടിവികെ നേതാക്കൾ കുറ്റപ്പെടുത്തി. ഫെബ്രുവരി 17 ന് വെല്ലൂരിലെ യോഗ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ് ടിവികെ വെല്ലൂർ ജില്ലാ ഘടകം പുറത്തുവിട്ടത്. ഫെബ്രുവരി 18നാണ് തങ്ങൾ അപേക്ഷ നൽകിയതെങ്കിൽ അതിൻ്റെ തലേന്ന് പൊലീസുകാർ യോഗ സ്ഥലത്ത് പരിശോധന നടത്താൻ കാരണമെന്തെന്നും ടിവികെ നേതാക്കൾ ചോദിക്കുന്നു. ഇന്നലെ നടന്ന വെല്ലൂരിലെ പരിപാടിയിൽ വിജയ് സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ടിവികെയുടെ പരിപാടികളും യോഗങ്ങളും തടയാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം തമിഴ്‌നാട്ടിൽ താൻ മുഖ്യമന്ത്രിയായാൽ എല്ലാ ഗ്രാമത്തിലും എത്തുമെന്നും പ്രസംഗിച്ചിരുന്നു.


