വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ 'ഇന്‍റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്' (ഐസിപി) പദവി ലഭിച്ചു. ഇത് തുറമുഖത്തിൻ്റെ പ്രവർത്തന വേഗത വർദ്ധിപ്പിക്കുകയും ദക്ഷിണേന്ത്യയുടെ കയറ്റുമതി-ഇറക്കുമതി രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുകയും ചെയ്യും.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് രാജ്യാന്തര യാത്രക്കാരുടെ സഞ്ചാരത്തിനും ചരക്ക് നീക്കാനുമുള്ള "ഇന്‍റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്' (ഐസിപി) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അംഗീകാരം. ഐസിപി പദവി ലഭിച്ചതോടെ ഇപ്പോള്‍ നടക്കുന്ന 'ട്രാന്‍സ്ഷിപ്‌മെന്‍റി'ന് പുറമേയുള്ള പ്രവര്‍ത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാന്‍ കഴിയും. റോഡ്, റെയില്‍ മാര്‍ഗത്തിലൂടെയുള്ള ചരക്കുനീക്കവും ക്രൂ ചെയ്ഞ്ചും ആരംഭിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. അന്താരാഷ്ട്ര തുറമുഖ ഭൂപടത്തിലെ വിഴിഞ്ഞത്തിന്‍റെ വളർച്ചയെ ത്വരിതപ്പെടുത്താൻ ഈ അംഗീകാരം സഹായകരമാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ക്രൂ ചേഞ്ച് ഉൾപ്പെടെയുള്ള നടപടികൾ ഇനി എളുപ്പമാകും. ഒപ്പം തുറമുഖത്തിന്‍റെ ചരക്കു നീക്കത്തിന്‍റെ വേഗം വർധിക്കും. ദക്ഷിണേന്ത്യയുടെ ഭൂരിഭാഗം കയറ്റുമതിയും ഇറക്കുമതിയും ഇനി കൊളംബോ പോലുള്ള വിദേശ ഹബുകളെ ആശ്രയിക്കാതെ വിഴിഞ്ഞം വഴി നേരിട്ട് കൈകാര്യം ചെയ്യാൻ സാധിക്കും.

ഡീപ്-സീ ശേഷിയും ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്ക് അനായാസമായി പ്രവേശിക്കുന്നതിനുള്ള സൗകര്യവും കാരണം വിഴിഞ്ഞം ആഗോള തലത്തിൽ തന്നെ മത്സരിക്കാവുന്ന പുതിയ ഇന്ത്യൻ സമുദ്ര ഗേറ്റ് വേയായി മാറുകയാണ്. ലോക സമുദ്ര ഭൂപടത്തിൽ വിഴിഞ്ഞം തുറമുഖത്തിന്‍റെ ആധിപത്യം ഉറപ്പിക്കുന്നതിനും നമ്മുടെ സംസ്ഥാനത്തിന്‍റെ സാമ്പത്തികവളർച്ചയ്ക്കും മുതൽക്കൂട്ടാവുന്ന ഘട്ടം തന്നെയാണിതെന്നും മന്ത്രി പറഞ്ഞു. നിലവിൽ കപ്പലുകളിൽ തന്നെയാണ് വിഴിഞ്ഞത്ത് നിന്നും മറ്റ് പോർട്ടുകളിലേക്കും ചരക്ക് കൊണ്ടുപോകുന്നത്. ചെക്ക് പോസ്റ്റ് വരുന്നതോടെ തുറമുഖത്ത് എത്തുന്ന കപ്പലിലെ ജീവനക്കാര്‍ക്കു ക്രൂ ചേഞ്ചിന്‍റെ ഭാഗമായി കരയ്ക്കിറങ്ങാം.

ഇതോടെ മേഖലയില്‍ കൂടുതല്‍ വികസനം സാധ്യമാകുമെന്നാണ് വിലയിരുത്തൽ. നടപടികൾ വേഗത്തിലാകുമ്പോൾ ഇപ്പോള്‍ കപ്പലുകള്‍ തുറമുഖത്തേക്ക് അടുത്ത് ചരക്കിറക്കാന്‍ വേണ്ടിവരുന്ന സമയപരിധിയും കുറയും. ഇതോടെ കൂടുതല്‍ കപ്പലുകള്‍ തുറമുഖത്ത് എത്തിക്കാനും കഴിയും. ക്രൂ ചേഞ്ചിന്‍റെ ഭാഗമായി കപ്പല്‍ ജീവനക്കാര്‍ വിഴിഞ്ഞത്ത് ഇറങ്ങുന്നതോടെ ഹോട്ടല്‍ മുറികള്‍ക്കും ടാക്‌സികള്‍ക്കും കൂടുതല്‍ ആവശ്യമുണ്ടാകും. വിമാനത്താവളവും അടുത്തുതന്നെ ആണെന്നതും മറ്റ് പോർട്ടുകളെ അപേക്ഷിച്ച് വിഴിഞ്ഞത്തിന് അനുകൂല ഘടകമാണ്. കൊവിഡ് കാലത്തു പ്രത്യേക അനുമതിയോടെ വിഴിഞ്ഞത്തു ക്രൂ ചേഞ്ച് നടത്തിയപ്പോൾ 20 കോടിയുടെ വരുമാനമാണു സര്‍ക്കാരിന് ഇതുവഴി ലഭിച്ചത്. ഇപ്പോഴും അടിയന്തര സാഹചര്യത്തില്‍ കപ്പല്‍ ജീവനക്കാരെ കരയ്ക്കിറക്കാറുണ്ട്. തുറമുഖത്തിന്‍റെ അടുത്ത ഘട്ടത്തിലാണ് യാത്രക്കാർക്കുള്ള പോർട്ടും അനുബന്ധ സൗകര്യങ്ങളും പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായുള്ള നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.