വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്ക് പിന്നിൽ സംഘപരിവാറിന്‍റെ വിദ്വേഷ രാഷ്ട്രീയമാണെന്നും ബംഗ്ലാദേശിയാണെന്ന് ആരോപിച്ചാണ് ആക്രമണമെന്നും മന്ത്രി എംബി രാജേഷ്. അതേസമയം, ഇന്ന് നടന്ന ചര്‍ച്ചയെതുടര്‍ന്ന് രാം നാരായണന്‍റെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്ക് പിന്നിൽ ആര്‍എസ്എസ് നേതാക്കളെന്ന് മന്ത്രി എംബി രാജേഷ്. വാളയാര്‍ ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നിൽ സംഘപരിവാറിന്‍റെ വിദ്വേഷ രാഷ്ട്രീയമാണെന്നും ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് ജോലി തേടി കേരളത്തിലെത്തിയ രാം നാരായണനെ ആള്‍ക്കൂട്ടം ആക്രമണം നടത്തിയതെന്നും എം.ബി രാജേഷ് പറഞ്ഞു. ആര്‍എസ്എസ് നേതാക്കളാണ് ഇതിന് നേതൃത്വം നൽകിയത്. പ്രതികൾക്ക് സിപിഎം ബന്ധം ഉണ്ടായിരുന്നെങ്കിൽ എത്രമാത്രം ആഘോഷം ഉണ്ടാകുമായിരുന്നുവെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ രാം നാരായണന്‍റെ കുടുംബത്തിനൊപ്പമാണെന്നും എംബി രാജേഷ് പറഞ്ഞു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളാണെന്നും എംബി രാജേഷ് ആരോപിച്ചു.

സ്ത്രീകൾക്കുള്ള പെൻഷന് ഇന്നു മുതൽ അപേക്ഷ നൽകി തുടങ്ങാമെന്നും തദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ നൽകേണ്ടതെന്നും എംബി രാജേഷ് പറഞ്ഞു. മന്ത്രി എംബി രാജേഷിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പിന്നിൽ ആര്‍എസ്എസ് ആണെന്ന ആരോപണവുമായി രംഗത്തെത്തി. അതേസമയം, ആള്‍ക്കൂട്ടക്കൊലയിൽ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഉന്നയിച്ച ആര്‍എസ്എസിനെതിരായ ആരോപണമില്ല.

പ്രതിഷേധം അവസാനിപ്പിച്ചു, മൃതദേഹം ഏറ്റെടുക്കും

അതേസമയം, രാം നാരായണന്‍റെ കുടുംബം നടത്തിവന്നിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. ഇന്ന് രാവിലെ മന്ത്രി കെ രാജന്‍റെ അധ്യക്ഷതയിൽ തൃശൂര്‍ ജില്ലാ കളക്ടറേറ്റിൽ നടന്ന യോഗത്തിലാണ് ധാരണയായത്. രാംനാരായണന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണം ജില്ലാ കളക്ടർ ചെയ്യു. പത്തു ലക്ഷത്തിൽ കുറയാത്ത സഹായ ധനം നൽകാൻ ക്യാബിനറ്റിൽ തീരുമാനമെടുക്കും. കുടുംബ അംഗങ്ങളെയും നാട്ടിലെത്തിക്കും. ചര്‍ച്ചയിൽ ഇക്കാര്യങ്ങളിൽ തീരുമാനമായതോടെയാണ് പ്രതിഷേധം അവസാനിപ്പിക്കാൻ കുടുംബം തീരുമാനിച്ചത്. കുടുംബം ഉടനെ മൃതദേഹം ഏറ്റുവാങ്ങും. നിലവിൽ തൃശൂര്‍ മെഡിക്കൽ കോളേജിലെ മോര്‍ച്ചറിയിലാണ് രാം നാരായണന്‍റെ മൃതദേഹമുള്ളത്. 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്നായിരുന്നു പാലക്കാട് വാളയാറിൽ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണന്‍റെ കുടുംബം വ്യക്കമാക്കിയിരുന്നത്. പട്ടികജാതി പട്ടിക വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു. ഇന്നലെ രാത്രി വരെ മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധം തുടര്‍ന്നിരുന്നു. ഇന്നലെ രാത്രിയിലെ ധാരണ പ്രകാരമാണ് ഇന്ന് വീണ്ടും ചര്‍ച്ച നടന്നത്. അതേസമയം, ആള്‍ക്കൂട്ട ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. രണ്ടു മണിക്കൂർ നീണ്ട ആക്രമണത്തിൽ രാംനാരായണനെ സ്ത്രീകളും ക്രൂരമായി മർദിച്ചെന്നാണ് മൊഴി. ആക്രമണത്തിന് നേതൃത്വം നൽകിയവരിൽ 14 പേർ ബിജെപി അനുഭാവികളും ഒരാൾ സിപിഎം അനുഭാവിയുമാണെന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് രാം നാരായണൻ എന്ന 31കാരൻ ആള്‍ക്കൂട്ട മര്‍ദനത്തിൽ കൊല്ലപ്പെട്ടത്. നിലവിൽ അഞ്ചുപേരാണ് പിടിയിലായത്.

രാം നാരായണന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ബകേലിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസിന്‍റെ വിശദംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും. കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിന്‍റെ യശസിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണം.

YouTube video player