വാളയാർ കൂട്ടക്കൊലയുടെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലാണ് കേസിലെ 4 പ്രതികൾ ബിജെപി അനുഭാവികളാണെന്ന് പറയുന്നത്. സിപിഎമ്മും ഈ ആരോപണം ഉയർത്തിയിരുന്നു. എന്നാലിത് ബിജെപി നിഷേധിക്കുകയായിരുന്നു
പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊല കേസിൽ പിടിയിലായ പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കേസിലെ 4-ാം പ്രതി സിഐടിയു പ്രവർത്തകനാണെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെ, കൂട്ടക്കൊലയ്ക്ക് പിന്നിൽ ആര്‍എസ്എസ് ആണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. എന്നാൽ ആരോപണം ബിജെപി നിഷേധിച്ചു. അതേസമയം പ്രതികൾ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് രാം നാരായണനെ മർദ്ദിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ട്.
വാളയാർ ആൾക്കൂട്ട കൊലക്കേസിലെ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികൾ ബിജെപി അനുഭാവികളെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിൻ്റെ കണ്ടെത്തൽ. ഇതിൽ ഒന്നും രണ്ടും പ്രതികളായ അനു, പ്രസാദ് എന്നിവർ സിഐടിയു, ഡിവൈഎഫ്ഐ പ്രവർത്തകരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ സുബൈർ കേസിലെ പ്രതി ജിനീഷ് സ്ഥലത്തെത്തി. ഇതിൻ്റെ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. 4-ാം പ്രതി ആനന്ദൻ സിഐടിയു പ്രവർത്തകനെന്നും റിപ്പോർട്ടിലുണ്ട്. പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. എന്നാൽ ആൾക്കൂട്ട കൊലപാതകം നടന്ന് 6 ദിവസമായിട്ടും പ്രതികളുടെ രാഷ്ട്രീയ ബന്ധം ചൂണ്ടിക്കാട്ടുന്ന ഒരു പത്രക്കുറിപ്പ് പോലും പാലക്കാട് സിപിഎം ജില്ലാനേതൃത്വം ഇറക്കിയിരുന്നില്ല. സംഭവത്തിന് പിന്നിൽ 14 പേർ ആർഎസ്എസ് പ്രവർത്തകരും ഒരാൾ സിപിഎം പ്രവർത്തകനുമെന്ന പാലക്കാട് ഡിസിസി നേതൃത്വത്തിൻ്റെ ആരോപണത്തിന് പിറകെയാണ് ആർഎസ്എസിനെ കടന്നാക്രമിച്ച് സിപിഎം രംഗത്ത് വരുന്നത്.
ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നിൽ സംഘപരിവാറിന്‍റെ വിദ്വേഷ രാഷ്ട്രീയമാണെന്നും ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് രാം നാരായണിനെ കൊലപ്പെടുത്തിയതെന്നുമാണ് മന്ത്രി എംബി രാജേഷിൻ്റെ ആരോപണം. പ്രതികളിൽ ചിലർ സിപിഎം പ്രവർത്തകരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചവരാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. തൊട്ടു പിറകെ ആരോപണം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെത്തി. എന്നാൽ ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചു. മർദ്ദിച്ചവരുടെ കൂട്ടത്തിൽ എല്ലാ പാർട്ടിക്കാരും ഉണ്ടായിരുന്നുവെന്നാണ് ബിജെപിയുടെ വിശദീകരണം. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കുമെന്ന് പാലക്കാട് എസ്പി അറിയിച്ചു.
അതേസമയം, ക്രൂര കൊലപാതകത്തിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചുവെന്നും രാമനാരായണന്റെ മുഖത്തും വയറിലും മർദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ എല്ലാവരും മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഒന്നാം പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 15-ലധികം കേസുകൾ നിലവിലുണ്ട്. അതേസമയം കേസിൽ കൂടുതൽ പേരെ പിടികൂടാൻ കഴിയാത്തതിൽ പൊലീസിനെതിരെ വിമർശനം ശക്തമാവുകയാണ്.



