അനാവശ്യ രോമങ്ങൾ നീക്കം ചെയ്യുന്നത് ഇന്ന്വ്യ ക്തിശുചിത്വത്തിന്റെയും സൗന്ദര്യത്തിന്റെയും ഭാഗമാണ്. ഷേവിംഗ് മുതൽ ലേസർ ട്രീറ്റ്മെന്റുകൾ വരെ നീളുന്ന മാർഗ്ഗങ്ങൾ ഇന്ന് ലഭ്യമാണ്. ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് അനുയോജ്യമായ രീതി തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
മനോഹരമായ വസ്ത്രങ്ങൾ ധരിക്കുമ്പോഴോ ഒരു ആഘോഷത്തിന് ഒരുങ്ങുമ്പോഴോ പലരെയും അലട്ടുന്ന പ്രശ്നമാണ് കൈകാലുകളിലെയും മുഖത്തെയും അമിത രോമവളർച്ച. ഇത് നീക്കം ചെയ്യാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ വഴികൾ മുതൽ സ്ഥിരമായ പരിഹാരങ്ങൾ വരെ നമുക്ക് മുന്നിലുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
1. ഷേവിംഗ്
ഏറ്റവും എളുപ്പത്തിലും വേഗത്തിലും ചെയ്യാവുന്ന ഒന്നാണ് ഷേവിംഗ്. ഒരു റേസറും ഷേവിംഗ് ക്രീമും ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ജോലി തീരും. വേദനയില്ല, ചെലവ് കുറവാണ് എന്നതാണ് ഇതിൻ്റെ ഗുണങ്ങൾ. രോമങ്ങൾ പ്രതലത്തിൽ നിന്ന് മാത്രമേ നീക്കം ചെയ്യപ്പെടുന്നുള്ളൂ. അതിനാൽ 2-3 ദിവസത്തിനുള്ളിൽ രോമം വീണ്ടും വളരും. തുടർച്ചയായ ഷേവിംഗ് ചർമ്മത്തിൽ കറുത്ത പാടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
2. വാക്സിംഗ്
രോമങ്ങൾ വേരോടെ പിഴുതെടുക്കുന്ന രീതിയാണിത്. ചൂടുള്ള വാക്സ് ചർമ്മത്തിൽ പുരട്ടി ഒരു സ്ട്രിപ്പ് ഉപയോഗിച്ച് വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. വാക്സിംഗ് ചർമ്മം കൂടുതൽ മൃദുവാകുവൻ സഹായിക്കുന്നു. 3 മുതൽ 4 ആഴ്ച വരെ രോമങ്ങൾ വളരാതിരിക്കും. രോമങ്ങൾ വലിച്ചെടുക്കുമ്പോൾ അല്പം വേദന അനുഭവപ്പെടാം. വാക്സിന്റെ ചൂട് കൂടാതെ ശ്രദ്ധിക്കണം.
3. ഡിപിലേറ്ററി ക്രീമുകൾ
വിപണിയിൽ ലഭിക്കുന്ന ഹെയർ റിമൂവൽ ക്രീമുകൾ ഉപയോഗിക്കുന്ന രീതിയാണിത്. ഇതിലെ കെമിക്കലുകൾ രോമത്തെ അലിയിച്ചു കളയുന്നു. വേദനയില്ലാത്ത രീതിയാണിത്. പെട്ടെന്ന് റിസൾട്ട് ലഭിക്കും എന്നുള്ളതാണ് ഇതിൻ്റെ ഗുണം. സെൻസിറ്റീവ് ചർമ്മമുള്ളവർക്ക് അലർജി ഉണ്ടാകാൻ സാധ്യതയുണ്ട്. ഉപയോഗിക്കുന്നതിന് മുൻപ് ഒരു ചെറിയ ഭാഗത്ത് പരീക്ഷിച്ചു (Patch Test) നോക്കുന്നത് നന്നായിരിക്കും.
4. ലേസർ ട്രീറ്റ്മെന്റ്
സ്ഥിരമായ പരിഹാരം ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ആധുനിക രീതിയാണിത്. ലേസർ രശ്മികൾ ഉപയോഗിച്ച് രോമകൂപങ്ങളെ നശിപ്പിക്കുന്നു. കൃത്യമായ സിറ്റിംഗുകൾക്ക് ശേഷം രോമവളർച്ച 80-90% വരെ കുറയും.
ഇത് അല്പം ചെലവേറിയതാണ്. ഒരു വിദഗ്ദ്ധനായ ഡെർമറ്റോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ മാത്രമേ ഇത് ചെയ്യാവൂ.
5. പ്രകൃതിദത്ത മാർഗ്ഗങ്ങൾ
പാർശ്വഫലങ്ങൾ ഭയക്കുന്നവർക്ക് വീട്ടിലെ ചേരുവകൾ ഉപയോഗിക്കാം.
- പഞ്ചസാരയും നാരങ്ങയും: പഞ്ചസാര ഉരുക്കി അതിൽ നാരങ്ങാനീരും തേനും ചേർത്ത് മിശ്രിതമുണ്ടാക്കി വാക്സ് പോലെ ഉപയോഗിക്കാം.
- മഞ്ഞളും തൈരും: മഞ്ഞൾപ്പൊടിയും തൈരും ചേർത്ത് പുരട്ടുന്നത് ചെറിയ രോമങ്ങൾ സ്വാഭാവികമായി കുറയാൻ സഹായിക്കും.
പ്രത്യേകം ശ്രദ്ധിക്കാൻ: ഏതൊരു സാധാനം ഉപയോഗിക്കുന്നതിന് മുൻപും നിങ്ങളുടെ ചർമ്മത്തിന് അത് അനുയോജ്യമാണോ എന്ന് പരിശോധിക്കുക. രോമം നീക്കം ചെയ്ത ശേഷം ചർമ്മം വരണ്ടുപോകാതിരിക്കാൻ നല്ലൊരു മോയ്സ്ചറൈസർ ഉപയോഗിക്കാൻ മറക്കരുത്.

