ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കുകയും, പിന്നീട് യുവതി പിണങ്ങിയപ്പോൾ ഈ ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചുനൽകുകയും ചെയ്ത 19-കാരനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു.
മാനന്തവാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുമായി പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി യുവതിയുടെ കൂട്ടുകാരികള്‍ക്കും മറ്റും അയച്ചു നല്‍കിയ യുവാവ് പിടിയില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം പുതൃകാവില്‍ വീട്ടില്‍ പി. സഹദ് (19) നെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ഉദ്ദേശത്തോടുകൂടി യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈവശപ്പെടുത്തുകയും പിന്നീട് ഇയാളെ യുവതി ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിന്റെ വിരോധത്തില്‍ പരാതിക്കാരിയുടെ സുഹൃത്തിന് നഗ്‌നചിത്രങ്ങള്‍ അയച്ചു നല്‍കി പരാതിക്കാരിക്ക് മാനഹാനി വരുത്തുകയുമായിരുന്നു.
പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷിച്ചപ്പോള്‍ നാല് വ്യത്യസ്ത ഇന്‍സ്റ്റഗ്രാം ഐഡികള്‍ വഴിയാണ് പ്രതി യുവതിയെ ബന്ധപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാം ഐഡി നിര്‍മിക്കാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ പൊലീസ് കണ്ടെത്തിയെങ്കിലും അത് പ്രതിയുടേതായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനോടുവിലാണ് ഇയാള്‍ വലയിലാകുന്നത്. മൊബൈല്‍ ടെക്നീഷന്‍ കോഴ്സ് പഠിച്ച ഇയാള്‍ റിപ്പയര്‍ ചെയ്യാന്‍ ഏല്‍പിച്ച ഫോണിലുണ്ടായിരുന്ന സിം ഉപയോഗിച്ച് ഉടമയുടെ അറിവോ സമ്മതമോ കൂടാതെ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിര്‍മ്മിക്കുകയായിരുന്നു.
ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ജിതിന്‍കുമാര്‍, കെ. സിന്‍ഷ, ജോയ്‌സ് ജോണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റോബിന്‍ ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടുകൂടിയത്.
