മാനന്തവാടി പയ്യമ്പള്ളിയിലെ ഒരു വീട്ടുവളപ്പിലെ മാളത്തിൽ നിന്ന് ഒരു വലിയ മൂർഖനെയും 24 കുഞ്ഞുങ്ങളെയും പിടികൂടി. പാമ്പുപിടിത്തക്കാരനായ സുജിത്ത് സ്ഥലത്തെത്തിയാണ് പാമ്പുകളെ പിടികൂടി വനപാലകർക്ക് കൈമാറിയത്. തുടർന്ന് പാമ്പുകളെ ഉൾവനത്തിൽ തുറന്നുവിട്ടു.
മാനന്തവാടി: ഒന്നും രണ്ടും പതിനാറുമല്ല. 25 മൂര്‍ഖന്‍ കുഞ്ഞുങ്ങൾ ഒന്നിച്ച് ജനവാസ കേന്ദ്രത്തിൽ. പയ്യമ്പള്ളി പടമല മണിയില ബിജീഷിന്റെ വീടിനു സമീപത്ത് നിന്നാണ് കഴിഞ്ഞ ദിവസം പാമ്പിനെയും പാമ്പിന് കുഞ്ഞുങ്ങളെയും പിടികൂടിയത്. കുഞ്ഞുങ്ങളുള്‍പ്പെടെ 26 പാമ്പുകളാണ് ഉണ്ടായിരുന്നത്. വീട്ടുപറമ്പിലെ തേക്കുമരത്തിനോട് ചേര്‍ന്നുള്ള പൊത്തിലായിരുന്നു പാമ്പുകള്‍. റോഡിലൂടെ സഞ്ചരിക്കുന്നവര്‍ പൊത്തില്‍ നിന്ന് തല വെളിയിലിട്ടിരിക്കുന്ന മൂര്‍ഖനെ കണ്ടതോടെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. ഉടനെ നോര്‍ത്ത് വയനാട് വനം ഡിവിഷന്റെ അംഗീകൃത പാമ്പുപിടിത്തക്കാരനായ വി പി സുജിത്ത് സ്ഥലത്തെത്തി മാളം പൊളിച്ചു നോക്കിയെങ്കിലും ആദ്യം പാമ്പുകളെ കണ്ടെത്താനായില്ല. തുടര്‍ന്ന് മാളത്തിനുള്ളിലേക്ക് വെള്ളം ഒഴിച്ചപ്പോഴാണ് വലിയ മൂര്‍ഖനും കുഞ്ഞുങ്ങളും ഒന്നിന് പിറകേ ഒന്നൊന്നായി പാമ്പിന് കുഞ്ഞുങ്ങള്‍ പുറത്തേക്ക് എത്തിയത്.
വലിയ പാമ്പിനെ ആദ്യം പിടിച്ച് സുരക്ഷിതമായി മാറ്റിയതിന് ശേഷം, പാമ്പിന് കുഞ്ഞുങ്ങളെ പ്ലാസ്റ്റിക് ബോട്ടിലിലേക്ക് മാറ്റി വനപാലകര്‍ക്ക് കൈമാറി. പാമ്പിനെയും കുഞ്ഞുങ്ങളെയും തൃശ്ശിലേരി ഫോറസ്റ്റ് സെക്ഷന്‍ വനപാലകര്‍ സുരക്ഷിതമായി ഉള്‍വനത്തില്‍ വിട്ടയച്ചുവെന്ന് അറിയിച്ചു. വിഷപ്പാമ്പുകളായ വെള്ളിക്കെട്ടന്, മൂര്‍ഖന്‍, അണലി എന്നിവയുടെ പ്രജനന കാലമാണിതെന്നും ജാഗ്രത വേണമെന്നും സുജിത്ത് നാട്ടുകാരോടായി പറഞ്ഞു. ആള്പെരുമാറ്റമുളളയിടങ്ങളില് ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളാതിരിക്കുകയും പരിസരങ്ങള്‍ വൃത്തിയായി സുക്ഷിക്കുകയും ചെയ്താല്‍ വിഷപാമ്പുകളെ ഒരു പരിധി വരെ അകറ്റി നിര്‍ത്താം. തൊരപ്പന് എലികള്‍ മണ്ണ് മാന്തി ഉണ്ടാക്കുന്ന മാളങ്ങളിലേക്ക് പാമ്പുകളെത്തി ചൂട് കാരണം ഇവിടെ തങ്ങിയേക്കാം. ഇത്തരം മാളങ്ങള്‍ മണ്ണിട്ട് മൂടുകയും അതിനടുത്തേക്ക് പോകുമ്പോള്‍ ജാഗ്രത പാലിക്കുകയും വേണം.
