മൂക്കുന്നിമലയിൽ ഏക്കറുകണക്കിന് സ്ഥലത്ത് തീപിടിത്തമുണ്ടായി. ഫയർഫോഴ്സ് മണിക്കൂറുകളോളം പരിശ്രമിച്ചിട്ടും നിയന്ത്രിക്കാനാവാതിരുന്ന തീ, വൈകുന്നേരം പെയ്ത ശക്തമായ വേനൽമഴയിലാണ് അണഞ്ഞത്.
തിരുവനന്തപുരം: നഗരത്തിനുള്ളിലെ മൂക്കുന്നിമലയിൽ തീപിടിത്തം. ഇന്നലെ രാവിലെയാണ് പുക ഉയരുന്നത് കണ്ട പ്രദേശവാസികൾ ഫയർഫോഴ്സിനെ വിവരം അറയിച്ചത്. ജനവാസകേന്ദ്രത്തിന് സമീപത്തേക്കടക്കം തീപടരുമെന്നായതോടെ നാട്ടുകാർ പരിഭ്രാന്തരായിരുന്നു. എന്നാൽ വൈകുന്നേരം നഗരത്തിൽ പെയ്ത കനത്ത മഴയിൽ തീയണയുകയായിരുന്നു.
തീ ശ്രദ്ധയിൽപെട്ടതോടെ രാവിലെ മുതൽ കാട്ടാക്കടയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തി നീയണക്കാനുള്ള ശ്രമം തുടങ്ങിയരുന്നു. എന്നാൽ ഏക്കറുകണക്കിന് മരങ്ങൾ വ്യാപിച്ച് നിൽക്കുന്ന മലയിൽ ഫയർഫോഴ്സ് വാഹനത്തിന് കടന്നുചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ തീപടർന്നത് വെല്ലുവിളിയായി. മലയിലെ ക്വാറികളിൽ നിന്നും വെള്ളം ശേഖരിച്ചാണ് തീയണച്ചുകൊണ്ടിരുന്നത്. മലയിലെ അക്കേഷ്യ, റബ്ബര്‍ മരങ്ങള്‍ ഏതാണ്ട് കത്തിയമര്‍ന്നു.
വൈകുന്നരമായിട്ടും ശമനമുണ്ടാകാതെ ഇരുവശങ്ങളിലേക്കും തീപടർന്നതോടെ തിരുവനന്തപുരം യൂണിറ്റിൽ നിന്നും ഒരു വാഹനം കൂടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് നഗരത്തെ കുളിരണിയിച്ച് വേനൽ മഴയെത്തിയത്. പിന്നാലെ കാടുകളിൽ പടർന്ന തീയണഞ്ഞു. മഴയെത്തിയതോടെ അധികം ജോലി ചെയ്യേണ്ടിവന്നില്ലെന്നും കനത്ത മഴ അനുഗ്രഹമായെന്നും തിരുവനന്തപുരം യൂണിറ്റിലെ ഫയർഫോഴ്സ് സേനാംഗങ്ങൾ പറഞ്ഞു. മുൻ വർഷങ്ങളിലും വേനലിൽ പ്രദേശത്ത് തീപിടിത്തമുണ്ടാകാറുണ്ടെന്നും സാമൂഹ്യ വിരുദ്ധരടക്കം തീവെയ്ക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.


