ക്ഷേത്ര പരിസരത്ത് നടന്ന ഗാനമേളയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകർ പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം: വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേളയെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയി ബിജെപി കൗൺസിലർ. ബിജെപി കൗൺസിലർ ആർ സുഗതനാണ് ഒളിവിൽ പോയത്. കേസിലെ നാലാം പ്രതി നേരത്തെ അറസ്റ്റിലായിരുന്നു.ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഒന്നാം പ്രതിയായ സുഗതൻ ഒളിവിൽ പോയതെന്ന് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. ക്ഷേത്ര പരിസരത്ത് നടന്ന ഗാനമേളയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകർ പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഭക്തിഗാന മേളയിൽ ബഹളമുണ്ടാക്കിയ വരെ തടഞ്ഞെന്നാണ് വാഴോട്ടുകോണം കൗൺസിലർ സുഗതൻ്റെ വാദം.എന്നാൽ സിപിഎം പ്രവർത്തകരെ മനപ്പൂർവം മർദിച്ചെന്നാണ് എൽഡിഎഫ് പരാതി. സംഭവത്തിന് പിന്നാലെ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തിരുന്നു. നാലാംപ്രതിയും ബിജെപി പ്രവർത്തകനുമായ സന്തോഷ് ആണ് പിടിയിലായത്. ഒളിവിലായ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ വാഴോട്ടുകോണം വാർഡിൽ നവീകരിച്ച പാപ്പാട് മഹിളാ മന്ദിരം ഉദ്ഘാടനം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്ത് നൽകിയ പരാതിയിൽ ബിജെപി കൗൺസിലർ ആർ.സുഗതനെതിരെ കേസെടുത്തിരുന്നു. എംഎൽഎയുടെ കാർ സുഗതൻ തടയുകയും വേദിയിലിരുന്നവരെയും മൈക്ക് ഓപറേറ്റർമാരെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പരാതി.


