16 അംഗങ്ങളുള്ള പഞ്ചായത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. തിരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും ഏഴ് വോട്ടുകൾ വീതം ലഭിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ് നടത്തിയത്.
തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരി പഞ്ചായത്തിൽ യുഡിഎഫിന് അട്ടിമറി വിജയം. കഴിഞ്ഞ പത്തു വർഷമായി ബിജെപി കുത്തകയാക്കി വെച്ചിരുന്ന പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. കോൺഗ്രസിലെ റോസിലി ജോയി പുതിയ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. തിരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും ഏഴ് വോട്ടുകൾ വീതം ലഭിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ് നടത്തിയത്. രണ്ട് മെമ്പർമാരുള്ള എൽഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെയാണ് ഇരുമുന്നണികളും തുല്യനിലയിലായത്.2020-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മൂന്നും ബിജെപിക്ക് ആറും എൽഡിഎഫിന് അഞ്ചും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ യുഡിഎഫും ബിജെപിയും ഏഴ് സീറ്റുകൾ വീതം നേടി കരുത്തു തെളിയിച്ചു.


