കോഴിക്കോട് എടവണ്ണപ്പാറയിലെ പെട്രോൾ പമ്പിൽ വ്യാജ നമ്പർ പ്ലേറ്റ് പതിച്ചെത്തിയ കാർ ഇന്ധനം നിറച്ച് പണം നൽകാതെ കടന്നുകളഞ്ഞു. 1500 രൂപയുടെ പെട്രോൾ അടിച്ച ശേഷം കാർഡ് നൽകി ജീവനക്കാരൻ തിരിഞ്ഞപ്പോൾ കാറുമായി കടക്കുകയായിരുന്നു.
കോഴിക്കോട്: വ്യാജ നമ്പര്‍ പതിച്ചെത്തിയ കാര്‍ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ച് പണം നല്‍കാതെ കടന്നുകളഞ്ഞതായി പരാതി. എടവണ്ണപ്പാറ പാഞ്ചീരിയിലെ പറയങ്ങാട്ട് ഫ്യുവല്‍സ് എന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പമ്പിലാണ് കഴഞ്ഞ ദിവസം പുലര്‍ച്ചെയോടെ തട്ടിപ്പ് നടന്നത്.
വെളുത്ത ഫോക്സ്വാഗണ് കാറാണ് പമ്പിലെത്തിയത്. 1500 രൂപക്ക് ഇവിടെ നിന്നും പെട്രോള്‍ അടിച്ചു. പണം ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാരന് കാര്‍ഡ് നല്കി. സ്വൈപ്പ് ചെയ്യാനായി ജീവനക്കാരന് തിരിഞ്ഞ ഉടന്‍ തന്നെ ഇയാള്‍ കാറുമായി കടന്നുകളയുകയായിരുന്നു. ഉടന്‍ തന്നെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാറിന്റെ വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
പാലക്കാട് ജില്ലയില്‍ ടാക്സിയായി ഓടുന്ന കാറിന്റെ നമ്പറായിരുന്നു അത്. ഈ കാറിന്റെ വ്യാജ നമ്പര്‍ ഉപയോഗിച്ചാണ് പമ്പിലെത്തിയ കാറുകാരന് തട്ടിപ്പ് നടത്തിയത്. തന്റെ കാറിന്റെ ഫോട്ടോ ഉള്‍പ്പെടെ പാലക്കാട്ടെ യഥാര്‍ത്ഥ കാര്‍ ഉടമ പരാതിക്കാരന് അയച്ചുനല്‍കി. തട്ടിപ്പ് ബോധ്യമായ പമ്പ് ഉടമ ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


