പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലെ സ്ട്രോങ് റൂമിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. അസാധാരണ ശബ്ദം കേട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ജീവനക്കാർ പാമ്പിനെ കണ്ടത്.  

പെരിഞ്ഞനം: ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം പുറത്തറിയുന്നത്. സ്ട്രോങ് റൂമിനുള്ളിൽ നിന്നും അസാധാരണമായ ശബ്ദം കേട്ടതിനെത്തുടർന്ന് ജീവനക്കാർ ജാഗ്രത പാലിച്ചു. സംശയം തോന്നിയ ജീവനക്കാർ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മൂർഖൻ പാമ്പ് മുറിക്കുള്ളിലൂടെ ഇഴഞ്ഞു നടക്കുന്നത് കണ്ടത്.

ഉടൻ തന്നെ വിവരം വനംവകുപ്പിനെ അറിയിച്ചു. ചാലക്കുടി ഫോറസ്റ്റിലെ ആർ ആർ.ടി അംഗവും കൂളിമുട്ടം സ്വദേശിയുമായ അൻസാരി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. സ്ട്രോങ് റൂമിലെ സുരക്ഷിത സങ്കേതത്തിൽ നിന്നും അതീവ ജാഗ്രതയോടെയാണ് പാമ്പിനെ പുറത്തെടുത്തത്. പിടികൂടിയ പാമ്പിനെ പിന്നീട് വനംവകുപ്പ് അധികൃതർക്ക് കൈമാറി. വനമേഖലയിൽ ഇതിനെ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.