തൃശൂര്‍ കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് കോഴ ആവശ്യപ്പെട്ടെന്ന കോണ്‍ഗ്രസ്സ് കൗണ്‍സിലറുടെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐ പ്രതിഷേധം സംഘടിപ്പിച്ചു. കോണ്‍ഗ്രസ്സിന്റെ മുഖ്യ അജണ്ട അഴിമതിയാണെന്ന് വി എസ് സുനില്‍കുമാര്‍ ആരോപിച്ചു.
തൃശൂര്‍: കോര്പ്പറേഷന് ഭരണം നേടി അധികാരമേല്‍ക്കുന്നതിനു മുമ്പു തന്നെ അഴിമതിയാണ് തങ്ങളുടെ മുഖ്യ അജണ്ടയെന്ന് തൃശൂരിലെ കോണ്‍ഗ്രസ്സ് നേതൃത്വം തെളിയിച്ചതായി സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. തൃശൂരില്‍ മേയര്‍ സ്ഥാനത്തിനുവേണ്ടി കോഴ ഇടപാട് നടന്നതായുള്ള ലാലി ജെയിംസിന്റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐ തൃശൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേയര്‍ സ്ഥാനത്തിന് വേണ്ടി കോഴ ആവശ്യപ്പെട്ട ഡി സി സി പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ തന്നെ രംഗത്തുവന്നത് അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. എല്‍ഡിഎഫ് കഴിഞ്ഞ പത്തുവര്‍ഷമായി തൃശൂര്‍ കോര്‍പ്പറേഷന്റെ വികസനത്തിനായി നടത്തിയ കോടിക്കണക്കിന് രൂപയുടെ പദ്ധതികളെ മുഴുവന്‍ തമസ്കരിച്ചുകൊണ്ട് ഏതുവിധേയനയും അധികാരത്തിലെത്താന്‍ യുഡിഎഫ് കിണഞ്ഞു പരിശ്രമിച്ചത് വലിയ അഴിമതി നടത്താനാണ് എന്ന് അവരുടെ പാളയത്തില്‍ നിന്നുതന്നെ പരസ്യമായിരിക്കുന്നു. നാടിന്റെ വികസനവും പുരോഗതിയുമല്ല കോണ്‍ഗ്രസ്സ് നേതാക്കളുടെ താത്പര്യം. അവര്‍ ഉന്നംവെക്കുന്നത് കോര്‍പ്പറേഷനില്‍ ഭരണത്തിലെത്തിയതു വഴി സമ്പാദിക്കാവുന്ന അഴിമതിപ്പണത്തിലാണ്. അതിനുവേണ്ടിയുള്ള മുന്നൊരുക്കപ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തനിക്കെതിരെ നടപടിയുണ്ടായാല്‍ കൂടുതല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നാണ് ലാലി ജെയിംസ് പറഞ്ഞിരിക്കുന്നതെന്നും വി എസ് സുനിൽകുമാർ.
ഈ സാഹചര്യത്തില്‍, ലാലി ജെയിംസിന്റെ വെളിപ്പെടുത്തലില്‍ വിജിലന്‍സ് അന്വേഷണം നടത്തണം. ആരോപിച്ച പ്രകാരം കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്നും വി എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. മണ്ഡലം അസി.സെക്രട്ടറി ടി ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. കെ ബി സുമേഷ്, മുന്‍ കൗണ്‍സിലര്‍ ഐ സതീഷ്കുമാര്‍, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ടി ആര് അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.


