പാലക്കാട് പെരിങ്ങോട്ടുകുറിശി പഞ്ചായത്തിൽ ആറ് പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ഭരണത്തിന് അന്ത്യം. സിപിഎം വിമതയുടെയും എവി ഗോപിനാഥിൻ്റെ ഐഡിഎഫിൻ്റെയും പിന്തുണയോടെ എൽഡിഎഫ് ഭരണം ഉറപ്പിച്ചു. ഇതോടെ പുതിയ സഖ്യത്തിന് ഒൻപതും യുഡിഎഫിന് ഏഴും അംഗങ്ങളായി.

പാലക്കാട്: പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശി പഞ്ചായത്തിൽ ആറ് പതിറ്റാണ്ടുകാലത്തെ കോൺഗ്രസ് ഭരണത്തിന് അവസാനമാകുന്നു. പഞ്ചായത്തിൽ വിജയിച്ച സിപിഎം വിമതയുടെ പിന്തുണ നേടിയാണ് എൽഡിഎഫ് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിലേക്ക് ജയിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കിയത്. എട്ടാം വാർഡായ ഞെട്ടിയോട് നിന്ന് മത്സരിച്ച് ജയിച്ച ഗ്രീഷ്മ കെ സിയാണ് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. എൽഡിഎഫിനൊപ്പം കോൺഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ കൂട്ടായ്മയുണ്ടാക്കിയ മുൻ ഡിസിസി പ്രസിഡൻ്റ് എവി ഗോപിനാഥിൻ്റെ ഐഡിഎഫും ഉണ്ട്. ഈ സഖ്യത്തിന് ഒൻപതംഗങ്ങളും യുഡിഎഫിൽ ഏഴംഗങ്ങളുമാണ് ഉള്ളത്.

ഈ സാഹചര്യത്തിൽ യുഡിഎഫിന് ഭരണം പിടിക്കാനുള്ള സാധ്യത മങ്ങി. സിപിഎം വിമതയുടെ പിന്തുണ ലഭിച്ചിരുന്നെങ്കിൽ യുഡിഎഫ് പക്ഷത്തും എൽഡിഎഫ് പക്ഷത്തും എട്ട് വീതം അംഗങ്ങളാകുമായിരുന്നു. എന്നാൽ വിമതയെ ഒപ്പം നിർത്താൻ എൽഡിഎഫിന് സാധിച്ചതോടെയാണ് പഞ്ചായത്തിൽ ആറ് പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ഭരണം അവസാനിക്കുന്നത്.

ആകെ പതിനെട്ട് അംഗങ്ങളാണ് പെരിങ്ങോട്ടുകുറിശി പഞ്ചായത്തിലുള്ളത്. ഇതിൽ രണ്ടംഗങ്ങൾ ബിജെപിയിൽ നിന്നാണ്. അതേസമയം ഐഡിഎഫ് നേതാവ് എവി ഗോപിനാഥ് തെരഞ്ഞെടുപ്പിൽ തോറ്റിരുന്നു. ഒൻപതാം വാർഡായ ബെമണ്ണിയൂരിൽ 421 വോട്ട് നേടിയ കോൺഗ്രസ് സ്ഥാനാർത്ഥി രതീഷ് കെ.ആർ ആണ് വിജയിച്ചത്. എവി ഗോപിനാഥിന് 287 വോട്ട് മാത്രമാണ് നേടാനായത്.