ഒന്നര മാസത്തോളം കടലിൽ യാത്ര നടത്തിയ തമിഴ്നാട് മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും ചേർന്ന് വിഴിഞ്ഞത്ത് പിടികൂടി. സമുദ്രാതിർത്തി ലംഘിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് പോയെന്ന സംശയത്തിൽ ബോട്ടിലെ 12 പേരെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തു. 

തിരുവനന്തപുരം: കടലിൽ ദിവസങ്ങളായി യാത്ര നടത്തിവന്ന ബോട്ട് പിടികൂടി. ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ തമിഴ്നാട് മത്സ്യബന്ധന ബോട്ട് കോസ്‌റ്റ് ഗാർഡും കോസ്റ്റൽ പൊലീസും ചേർന്നാണ് പിന്തുടർന്നു പിടികൂടിയത്. ഇന്നലെ പുലർച്ചയോടെ വിഴിഞ്ഞത്തെത്തിച്ച ബോട്ടിലെ 12 പേരെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുൾപ്പെടെയുള്ളവർ ചോദ്യചെയ്തു. സമുദ്രാതിർത്തി ലംഘിച്ച് ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ ബോട്ട് പോയതായാണ് അന്വേഷണ ഏജൻസികളുടെ സംശയം.

ഒന്നര മാസത്തിലധികമായി ബോട്ട് യാത്ര നടത്തിയതിനാൽ സേനയുടെ നിരീക്ഷണത്തിലായിരുന്നു. ജനുവരി അഞ്ചിന് തേങ്ങാപ്പട്ടണത്ത് നിന്നാണ് ഇവർ യാത്ര തിരിച്ചത്. ബോട്ടുടമയും സ്രാങ്കുമായ ആന്‍റണി ഉൾപ്പെടെ 12 പേരാണുള്ളത്. ഇവരിൽ ഏഴ് തമിഴ് നാട് സ്വദേശികളും നാല് ആസാം സ്വദേശികളും ഒരു ബംഗാൾ സ്വദേശിയുമുണ്ട്. ഒമാൻ തീരത്ത് ഇവർ പോയതായി അന്വേഷണ ഏജൻസികൾ പറയുന്നു. ഇറാനിൽ പോയോ എന്ന സംശയമുണ്ടെന്നും അധികൃതർ പറഞ്ഞു.

തേങ്ങാപ്പട്ടണത്തിലേക്ക് പോകുമ്പോൾ കഴിഞ്ഞ ദിവസം രാത്രിയോടെ കൊല്ലം തീരക്കടൽ മുതൽ പിന്തുടർന്ന് വിഴിഞ്ഞം ഉൾക്കടലിൽ വച്ചാണ് ബോട്ടിനെ കസ്റ്റഡിയിലെടുത്തത്. ഇവരെ കോസ്റ്റ് ഗാർഡ് സ്റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്‌തത്. പരിശോധനയിൽ ബോട്ടിൽ സ്രാവവടക്കം മത്സ്യം മാത്രമാണുണ്ടായിരുന്നത്. ബോട്ട് പരിശോധിച്ചതിൽ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ലെന്നതിനാൽ ഇവരെ വിട്ടയച്ചതായി കോസ്റ്റൽ പൊലീസ് അറിയിച്ചു. രേഖകളും മറ്റും കൃത്യമായിരുന്നെന്നും കടലിൽ ശക്തമായ നിരീക്ഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.