തീരത്തുനിന്ന് ഏകദേശം 47 കിലോമീറ്റർ അകലെവെച്ച് കണ്ടെത്തിയ ബോട്ടിനെ കെട്ടിവലിച്ച് അർധരാത്രിയോടെ കായംകുളം ഹാർബറിലെത്തിച്ചു. 21 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.
ഹരിപ്പാട്: കടലിൽ എൻജിൻ തകരാറിലായി അപകടത്തിൽപെട്ട ആഴക്കടൽ മത്സ്യബന്ധന ബോട്ടിനെയും അതിലുണ്ടായിരുന്ന 21 തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ട് സുരക്ഷിതമായി കരക്കെത്തിച്ചു. തിരുവനന്തപുരം ജികെഎസ് മറൈൻ എക്സ്പോർട്ടിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'ജികെഎസ്-1' എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞദിവസം രാവിലെ ഒമ്പതരയോടെ അമ്പലപ്പുഴയ്ക്ക് പടിഞ്ഞാറുഭാഗത്ത് വെച്ച് ബോട്ട് തകരാറിലായെന്ന സന്ദേശം തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ ലഭിക്കുകയായിരുന്നു.
സന്ദേശം ലഭിച്ചയുടൻ കായംകുളം ഹാർബറിൽനിന്ന് ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ട് രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. തീരത്തുനിന്ന് ഏകദേശം 47 കിലോമീറ്റർ അകലെവെച്ച് കണ്ടെത്തിയ ബോട്ടിനെ കെട്ടിവലിച്ച് അർധരാത്രിയോടെ കായംകുളം ഹാർബറിലെത്തിച്ചു. ഫിഷറീസ് ലൈഫ് ഗാർഡുമാരായ രാഹുൽ, സാലസ് ജോൺ എന്നിവർ റെസ്ക്യൂ ബോട്ടിലുണ്ടായിരുന്നു. മറൈൻ എൻഫോഴ്സ്മെന്റും തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനും ചേർന്നാണ് 12 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങൾ തൊഴിലാളികളുടെ എണ്ണത്തിന് അനുസൃതമായ ലൈഫ് ജാക്കറ്റുകൾ, ലൈഫ് ബോയ, അഗ്നിശമന ഉപകരണങ്ങൾ എന്നിവ നിർബന്ധമായും കരുതണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടറും നിർദ്ദേശിച്ചു. മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാത്ത യാനങ്ങൾക്കെതിരെ കെഎംഎഫ്ആർ ആക്ട് പ്രകാരം പിഴ ഈടാക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മുന്നറിയിപ്പ് നൽകി.


