വിവാഹ സമ്മാനമായി ലഭിച്ച സ്വർണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി ശംഭുദേവാണ് പിടിയിലായത്. ഇയാൾ മറ്റ് ഒൻപതോളം കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: വിവാഹ സമ്മാനമായി ലഭിച്ച സ്വർണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യുവാവിനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. പേട്ട സ്വദേശിനിയായ യുവതിയെ മർദിച്ചെന്ന പരാതിയിലാണ് ഭർത്താവ് പിടിയിലായത്. വഞ്ചിയൂർ പാൽകുളങ്ങര സ്വദേശി ശംഭുദേവ് (30) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 10 വർഷമായി യുവതിക്ക് വിവാഹ സമ്മാനമായി ലഭിച്ച സ്വർണം യുവാവ് പല ഘട്ടങ്ങളിലായി കൈക്കലാക്കിയിരുന്നു എന്നാണ് പരാതി. ഈ സ്വർണം തിരികെ ആവശ്യപ്പെട്ടതും, കൂടുതൽ സ്വർണം നൽകാൻ യുവതി വിസമ്മതിച്ചതുമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. യുവതിയെ അസഭ്യം പറയുകയും വടിയും മറ്റും ഉപയോഗിച്ച് തലയിലും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നെന്നാണ് പരാതി ലഭിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ യുവതി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വഞ്ചിയൂർ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുകളിലായി അക്രമം, ലഹരി തുടങ്ങി ഒൻപതോളം കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.