തിരുവനന്തപുരം കണിയാപുരത്ത് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം ഏഴു പേര് പിടിയിലായി.ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്
തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് വൻ ലഹരിവേട്ട. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം ഏഴു പേര് പിടിയിലായി. നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29 ), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ (34), പാലോട് സ്വദേശിനി അൻസിയ (37), കൊട്ടാരക്കര സ്വദേശിനി ബിഡിഎസ് വിദ്യാര്‍ത്ഥി ഹലീന (27), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായ വിഗ്നേഷ് ദത്തൻ എംബിബിഎസ് ഡോക്ടറും ഹലീന ബിഡിഎസ് വിദ്യാര്‍ത്ഥിയും അവിനാഷ് ഐടി ജീവനക്കാരനുമാണ്. കണിയാപുരം തോപ്പിൽ ഭാഗത്ത് വാടക വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
പിടിയിലായവരിൽ അസിം, അജിത്ത്, അൻസിയ എന്നിവർ മുൻപ് നിരവധി ലഹരി കേസുകളിൽ പ്രതികളായിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നുകൾ കടത്തികൊണ്ട് വന്ന് വിദ്യാർത്ഥികൾ, ഡോക്ടർമാർ, ഐടി പ്രൊഫഷണലുകൾ അടക്കമുള്ളവർക്ക് നൽകുന്നത് ഇവരായിരുന്നുവെന്ന് പൊലീസ് പറയുന്നു. അസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പിടികൂടാൻ ശ്രമിച്ചപ്പോൾ പൊലീസ് ജീപ്പിൽ കാറിടിച്ചശേഷം ഈ സംഘം കടന്നു കളയുകയായിരുന്നു. തുടർന്ന് കണിയാപുരം ഭാഗത്ത് ഉണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെളുപ്പിന് ഡാൻസാഫ് സംഘം വീട് വളഞ്ഞ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് നാലു ഗ്രാം എംഡിഎംഎയും ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവും 100 ഗ്രാം സാധാരണ കഞ്ചാവും കണ്ടെടുത്തു. രണ്ടു കാറുകളും രണ്ട് ബൈക്കുകളും പത്ത് മൊബൈലുകളു പിടിച്ചെടുത്തു. പ്രതികളെ കഠിനംകുളം പൊലീസിന് കൈമാറി.


