സിസിടിവി ക്യാമറയിൽ യുവതിയെ മറ്റൊരു വാഹനം ഇടിക്കുന്നത് കണ്ടെത്തിയില്ലെന്ന് പൊലീസ്.

പാലക്കാട്: കഞ്ചിക്കോട് വാഹനാപകടത്തിൽ അധ്യാപിക മരിച്ചത് മറ്റൊരു വാഹനം ഇടിച്ചല്ലെന്ന് സംശയം. സിസിടിവി ക്യാമറയിൽ മറ്റൊരു വാഹനം ഇടിക്കുന്നത് കണ്ടെത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. യുവതി ഓടിച്ച ഇരുചക്ര വാഹനത്തിൻ്റെ അമിത വേഗതയാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്‍റെ നിഗമനം. ചക്കാന്തറ കൈകുത്തി പറമ്പ് സ്വദേശി വിപിന്റെ ഭാര്യ ആൻസിയാണ് വാഹനാപകടത്തിൽ മരിച്ചത്.

പാലക്കാട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് അപകടമുണ്ടായത്. സർവീസ് റോഡിൽ ഒരു സ്ത്രീ കിടക്കുന്നു എന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാളയാർ പൊലീസും നാട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ ആൻസിയുടെ വലതുകൈ മുട്ടിന് താഴെ വച്ച് മുറിഞ്ഞ് പോയിരുന്നു. ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആൻസിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമ്പോഴായിരുന്നു മരണം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ അധ്യാപികയാണ് ആൻസി. കോളേജിൽ വച്ച് നടക്കുന്ന ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിന് സ്കൂട്ടറിൽ പോകുമ്പോഴാണ് അപകടമുണ്ടായത്.