ലോക ബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായുള്ള കർഷക ഉൽപ്പാദക വാണിജ്യ സഖ്യങ്ങളിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി 2026 ജനുവരി 31 വരെ നീട്ടി.  

തിരുവനന്തപുരം: ലോക ബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കർഷക ഉൽപ്പാദക വാണിജ്യ സഖ്യങ്ങളിൽ (പ്രൊഡക്ടിവ് അലയൻസ്) താല്പര്യമുള്ള ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെയും, വാണിജ്യ കമ്പനികളുടെയും അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയ്യതി ഡിസംബർ 31 ൽ നിന്നും 2026 ജനുവരി 31 വരെ നീട്ടി.

പ്രമുഖ കമ്പനികളുമായുള്ള സഖ്യങ്ങൾ സ്ഥാപിച്ച് പദ്ധതി വിപുലീകരിക്കുന്നതിൻറെ ഭാഗമായാണ് തിയ്യതി നീട്ടിയതെന്നു പ്രോജക്ട് ഡയറക്ടർ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. പദ്ധതിയിൽ പങ്കുചേരുന്നതിനായി ചുരുങ്ങിയത് 10 കോടി രൂപ വിറ്റുവരവുള്ള കർഷക-കാർഷികേതര കമ്പനികൾക്കും, സൂപ്പർ മാർക്കറ്റ് ശൃംഖലകൾ, കയറ്റുമതിക്കാർ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, ചുരുങ്ങിയത് മൂന്നുവർഷം പ്രവൃത്തി പരിചയമുള്ള 200 അംഗബലമുള്ളതും 10 ലക്ഷം വിറ്റുവരവുള്ളതുമായ കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും ഈയവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9037824038 എന്ന നമ്പറിൽ ബന്ധപ്പെടാം