കേസ്സില്‍ അറസ്റ്റിലായി കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് ശേഷം വിദേശത്തേക്ക് കടന്ന പ്രതി, ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് നെടുമ്പാശ്ശേരിയില്‍ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞ് വെച്ചത്.

തൃശൂര്‍: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ ലുക്കൗട്ട് സര്‍ക്കുലര്‍ പ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. വള്ളിവട്ടം കരൂപടന്ന സ്വദേശി കൊമ്പനേഴത്ത് വീട്ടില്‍ മുഹമ്മദിനെ (29) ആണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. 2015 മെയ് 31നായിരുന്നു കേസിനാസ്പദമായ സംഭവം.

കരൂപടന്നയിലുള്ള പുഴവക്കിലേക്കുള്ള റോഡ് തന്‍റേതാണെന്ന് പറഞ്ഞ്, അതുവഴി നടന്നുപോവുകയായിരുന്ന യുവാവിനെ മുഹമ്മദ് ആക്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ചെന്ന യുവാവിന്റെ അമ്മാവനായ തെക്കുംകര വില്ലേജ് കരൂപടന്ന സ്വദേശി മയ്യാക്കാരന്‍ വീട്ടില്‍ ബഷീറിനെയും (49) പ്രതി അസഭ്യം പറയുകയും മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഈ കേസ്സില്‍ അറസ്റ്റിലായി കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് ശേഷം വിദേശത്തേക്ക് കടന്ന പ്രതി, ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് നെടുമ്പാശ്ശേരിയില്‍ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞ് വെച്ചത്.

തുടര്‍ന്ന് ഈ വിവരം തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നെടുംമ്പാശ്ശേരിയിലേക്ക് അയക്കുകയും പ്രതിയെ അറസ്റ്റ് ചെയ്ത് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഷാജി എം.കെ, ജി.എസ്.ഐ. രാജു കെ.പി, ജി.എസ്. സി.പി.ഒ മാരായ കൃഷ്ണദാസ്, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.