50,000 രൂപയോളമാണ് മോഷ്ടിച്ചത്. മാനന്തവാടി, പുല്‍പ്പള്ളി, പനമരം, തിരുനെല്ലി, തലപ്പുഴ പൊലീസ് സ്റ്റേഷനുകളിലായി പ്രജീഷിന്റെ പേരില്‍ ഇരുപതോളം മോഷണ കേസുകളുള്ളതായി പൊലീസ് പറഞ്ഞു.

മാനന്തവാടി: വയനാട് മാനന്തവാടിയിൽ വീടിന്‍റെ പൂട്ട് പൊളിച്ച് അകത്തുകയറി അര ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസില്‍ സ്ഥിരം മോഷ്ടാവ് പിടിയില്‍. പേര്യ വരയാല്‍ കെ.എം. പ്രജീഷ്(50)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. മോഷണം നടന്ന വീടിന്റെ തൊട്ടടുത്തായി ആളൊഴിഞ്ഞ കെട്ടിടത്തില്‍ താമസിച്ചുവരുകയായിരുന്നു ഇയാള്‍. മാനന്തവാടി, പുല്‍പ്പള്ളി, പനമരം, തിരുനെല്ലി, തലപ്പുഴ പൊലീസ് സ്റ്റേഷനുകളിലായി പ്രജീഷിന്റെ പേരില്‍ ഇരുപതോളം മോഷണ കേസുകളുള്ളതായി പൊലീസ് പറഞ്ഞു.

മോഷണക്കുറ്റത്തിന് തടവുശിക്ഷ അനുഭവിക്കവെ ഇക്കഴിഞ്ഞ നവംബര്‍ പതിമൂന്നിന് മാനന്തവാടി ജില്ല ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷമാണ് വീണ്ടും മോഷണം നടത്തിയത്. ഡിസംബര്‍ 23ന് രാത്രി മാനന്തവാടി ക്ലബ്ക്കുന്നിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി ബെഡ്റൂമിലുള്ള അലമാര കുത്തിപൊളിച്ച് 45000 രൂപയാണ് കവര്‍ന്നത്. പൂട്ട് തകര്‍ക്കാനുപയോഗിച്ച ഇരുമ്പ് ലിവര്‍ സമീപത്തെ പുഴയില്‍ നിന്നാണ് കണ്ടെടുത്തത്.