മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ട് ദമ്പതികൾക്ക് വിജയം. കോട്ടക്കൽ നഗരസഭയിലും ഒതുക്കുങ്ങൽ പഞ്ചായത്തിലുമായി ഇടതു മുന്നണി സ്ഥാനാർത്ഥികളായ ദമ്പതികൾ ഒരുമിച്ച് ഭരണത്തിലേറുന്നത്. വാര്‍ഡ് 35ല്‍ കുര്‍ബ്ബാനിയില്‍ ജനറല്‍ വാര്‍ഡിലാണ് സനില മത്സരിച്ചത്.
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രണ്ട് ജോഡി ദമ്പതികള്‍ ഇനി ഭരണ സിരാ കേന്ദ്രത്തിലും ഒരുമിച്ച് പ്രവര്‍ത്തിക്കും. അധ്യാപക ദമ്പതികളും ഇടതു കൗണ്‍സിലര്‍മാരുമായ സനില പ്രവീണും ഭര്‍ത്താവ് കെ പ്രവീണ്‍ മാഷുമാണ് കോട്ടക്കല്‍ നഗരസഭയില്‍ നിന്നുള്ള ദമ്പതികള്‍. ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ നിലവിലെ ഇടത് അംഗം ഹസിന കുരുണിയനും ഭര്‍ത്താവ് ഹക്കീം കുരുണിയനുമാണ് വിജയിച്ച മറ്റ് ദമ്പതികള്‍. വാര്‍ഡ് 35ല്‍ കുര്‍ബ്ബാനിയില്‍ ജനറല്‍ വാര്‍ഡിലാണ് സനില മത്സരിച്ചത്. മുസ്ലിം ലീഗിലെ വി എം നൗഫല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി. സിപിഎം നേതാവായ കെ.പ്രവീണ്‍ മാഷ് തോക്കാമ്പാറ (33) വാര്‍ഡില്‍ നിന്നുമാണ് വിജയിച്ചത്. യൂത്ത് ലീഗ് നേതാവ് കെ.എം ഖലീലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.
വാര്‍ഡ് മൂന്നില്‍ ഹക്കീം കുരുണിയനാണ് സിപിഎം സ്വതന്ത്രനായി ജനവിധി തേടിയത്. കോണ്‍ഗ്രസിലെ കുരുണിയന്‍ നസീറായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. വാര്‍ഡ് എട്ടിലാണ് ഹസീന കുരുണിയന്‍ മത്സരിച്ചത്. സിപിഎം സ്വതന്ത്രയായിട്ടായിരുന്നു മത്സരിച്ചത്. ലീഗിലെ ആഷിഫ തസ്‌നി മച്ചിഞ്ചേരിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. തങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തിയ ജനങ്ങള്‍ക്ക് നന്ദിയും ഇനി ജനങ്ങളോടൊപ്പം ചേര്‍ന്ന് നിന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഇരു ദമ്പതികളും പറയുന്നു. അതേ സമയം എടപ്പറ്റയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച ദമ്പതികളില്‍ ഭര്‍ത്താവ് ജയിച്ചു. ഭാര്യ പരാജയപ്പെട്ടു. എടപ്പറ്റ ഗ്രാമ പഞ്ചായത്തില്‍ നിലവിലെ വൈസ് പ്രസിഡന്റായിരുന്ന ചിത്ര പ്രഭാകരനാണ് 13-ാം വാര്‍ഡായ പുല്ലുപറമ്പിൽ തോറ്റത്. 93 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ഥി റംലത്ത് തടത്തില്‍ പരാജയപ്പെടുത്തിയത്. ഭര്‍ത്താവ് വി .എ. പ്രഭാകരന്‍ ആറാം വാര്‍ഡ് പുന്നക്കല്‍ ചോലയില്‍ നിന്ന് 470 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ആദ്യമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രഭാകരന്‍, എല്‍ഡിഎഫി ലെ ചാലില്‍ ഹംസയെയാണ് പരാജയപ്പെടുത്തിയത്.


