കലേഷ് കൂട്ടാളികളായ രാജൻ എന്ന സേവ്യർ, സജിത്ത് ഗോപു എന്നിവർക്കൊപ്പം ഗിരീഷിനെ ആക്രമിക്കുകയായിരുന്നു. പ്രതി ഗിരീഷിന്‍റെ വയറ്റിലും ഇടതുവാരിയെല്ലിനും കുത്തി.

കൊല്ലം: കഞ്ചാവ് കച്ചവടത്തിന് തടസ്സം നിന്നവരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. പരവൂർ പുക്കുളം സുനാമി ഫ്ലാറ്റിലെ താമസക്കാരനായ കലേഷ് ആണ് പിടിയിലായത്. മയ്യനാട് താന്നിയിൽ നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഫെബ്രുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരനായ ഗിരീഷ് കലേഷിന്റെ ഫ്ലാറ്റിലെത്തി കഞ്ചാവ് വിൽപ്പന തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. കലേഷ് ഗിരീഷിനെ ആക്രമിച്ചതോടെ ബന്ധുവായ സുധീഷ് ഇടപെട്ടു. ഇതോടെ കലേഷ് കൂട്ടാളികളായ രാജൻ എന്ന സേവ്യർ, സജിത്ത് ഗോപു എന്നിവർക്കൊപ്പം ഗിരീഷിനെ ആക്രമിക്കുകയായിരുന്നു. 

പ്രതി ഗിരീഷിന്‍റെ വയറ്റിലും ഇടതുവാരിയെല്ലിനും കുത്തി. മർദനം തടയാനെത്തിയ സുധീഷിനെയും അയൽവാസിയായ ഷബീറിനെയും കലേഷ് കുത്തി പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൂവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഗിരീഷ് ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. വൈദ്യപരിശോധനക്കും തെളിവെടുപ്പിനും ശേഷം കലേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

രണ്ടാം പ്രതി രാജേഷ് എന്ന സേവ്യറിനെ സംഭവ ദിവസം തന്നെ സൂനാമി ഫ്ലാറ്റിൽ നിന്നും പിടികൂടിയിരുന്നു. വടിവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങളും ഫ്ലാറ്റിൽ നിന്നും കണ്ടെത്തി. നിരവധി ലഹരി മരുന്നു കേസുകളിലും വധശ്രമകേസുകളിലും പ്രതിയാണ് കലേഷ് എന്ന് പോലീസ് പറയുന്നു.മൂന്നും നാലും പ്രതികളായ സജിത്ത്, ഗോപു എന്നിവർ ഇപ്പോഴും ഒളിവിലാണ്.