തൃശൂർ കടലശ്ശേരിയിൽ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കാൻ വേണ്ടി തനിച്ചു താമസിച്ചിരുന്ന മുത്തശ്ശിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ശിക്ഷ. പ്രതിയായ ഗോകുലിന് ജീവപര്യന്തം തടവും 12 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും തൃശൂർ അഡീഷണൽ ജില്ലാ കോടതി വിധിച്ചു.
തൃശൂർ : വല്ലച്ചിറ കടലശ്ശേരിയിൽ തനിച്ചു താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കടലശ്ശേരി ഊമ്മൻപിള്ളി വീട്ടിൽ കൗസല്യ (78) ചെറുമകൻ ഗോകുൽ (കണ്ണൻ – 36)ആണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കാൻ വേണ്ടിയാണ് ഇയാൾ മുത്തശിയെ കൊലപ്പെടുത്തിയതെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്ക് ജീവപര്യന്തം തടവും കൂടാതെ 12 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെ. കമനീസാണ് ശിക്ഷ വിധിച്ചത്.
നാടിനെ നടുക്കിയ സംഭവം 2022 ഫെബ്രുവരി 25-നാണ് നടന്നത്. തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിയായ ഗോകുൽ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. കിടക്കുകയായിരുന്ന കൗസല്യയെ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ചേർപ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്‌പെക്ടർ ടി.വി. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ ദിലീപ്, എ.എസ്.ഐ സരസപ്പൻ, ജി.എ.എസ്.ഐ സിന്ധു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 24 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയകുമാർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. ലെയ്‌സൺ ഓഫീസർ ജി.എസ്.സി.പി.ഒ അജീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


