അമിതാഭ് ചന്ദ്രനും രതീഷും ഓട്ടോറിക്ഷയിൽ എംഡിഎംഎ കടത്തിക്കൊണ്ട് വരുന്നതായി എക്സൈസ് ഇന്റലിജിൻസ് ബ്യൂറോയുടെ രഹസ്യ വിവരം പരിശോധനാ സംഘത്തിന് ലഭിച്ചിരുന്നു. തുടർന്നാണ് ഇവരെ പൊക്കിയത്.
കൊല്ലം: കായംകുളത്ത് യുവാവിനെ കുത്തി കൊലപെടുത്തിയ കേസിലെ പ്രതിയും വധശ്രമക്കേസുകളിലെ പ്രതിയുമായ കൊടും ക്രിമിനലുകൾ എംഡി എം എയുമായി എക്‌സൈസിന്റെ പിടിയിൽ. കൊല്ലം മീനാട് താഴത്ത്ചേരി പിജെ നിവാസിൽ രതീഷ് (39), ആലപ്പുഴ കാർത്തികപ്പള്ളി കൃഷ്ണപുരം കാപ്പിൽമേക്ക് ചന്ദ്രാലയം വീട്ടിൽ അമിതാഭ് ചന്ദ്രൻ (39 വയസ്സ്) എന്നിവരാണ് പിടിയിലായത്. എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ ദിലീപ് സി പി യുടെ നേതൃത്വത്തിൽ പന്മന ഇടപ്പള്ളികോട്ടയിൽ നടത്തിയ പരിശോധനയിലാണ് 11.649 ഗ്രാം എംഡിഎംഎയുമായി ഇരുവരെയും പിടികൂടിയത്.
ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. പ്രതികൾ ഓട്ടോറിയയിൽ എംഡിഎംഎ കടത്തിക്കൊണ്ട് വരുന്നതായി എക്സൈസ് ഇന്റലിജിൻസ് ബ്യൂറോയുടെ രഹസ്യ വിവരം പരിശോധനാ സംഘത്തിന് ലഭിച്ചിരുന്നു. രണ്ടാം പ്രതി അമിതാഭ്ചന്ദ്രൻ 2023 ൽ കായംകുളത്ത് വെച്ച് ഒരു യുവാവിനെ കുത്തി കൊലപെടുത്തിയ കേസിലെ പ്രതിയാണ്. ഇയാളുടെ പക്കൽ നിന്നും കഠാരയും അന്വേഷണ സംഘം കണ്ടെടുത്തു. ഒന്നാംപ്രതി രതീഷും നിരവധി കൊലപാതകശ്രമ കേസുകളിലെ പ്രതിയാണ്. നൈജീരിയൻ സ്വദേശിയിൽ നിന്നുമാണ് വാങ്ങി ബാംഗ്ലൂരിൽ നിന്നുമാണ് ഇവർ എംഡിഎംഎ വാങ്ങി കേരളത്തിലേക്ക് കടത്തിയത്.


