സജി തന്റെ സഹോദരൻ റെജിയെ കൊന്നത് മർദ്ദിച്ചും കഴുത്തിൽ തോർത്ത് മുറുക്കിയും നിലത്ത് വീണപ്പോൾ കഴുത്തിൽ ചവിട്ടി പിടിച്ചുമാണ്. അമ്മ മേരിക്കുട്ടിയെ കൊന്നത് മുഖത്തിടിച്ചും കയ്യിൽ പിടിച്ച് കറക്കി ഭിത്തിയിലേക്കെറിഞ്ഞുമാണെന്ന് പൊലീസ് പറഞ്ഞു.
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ പ്രതി കൊലപാതകം നടത്തിയത് ക്രൂരമായെന്ന് പൊലീസ്. ഇടുക്കി നെടുങ്കണ്ടത്ത് അമ്മയേയും മൂത്ത സഹോദരനെയും കൊലപ്പെടുത്തിയ സജിയെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയുമാണ് മേരിക്കുട്ടിയുടെ രണ്ടാമത്തെ മകൻ സജി കൊലപ്പെടുത്തിയത്. സജി തന്റെ സഹോദരൻ റെജിയെ കൊന്നത് മർദ്ദിച്ചും കഴുത്തിൽ തോർത്ത് മുറുക്കിയും നിലത്ത് വീണപ്പോൾ കഴുത്തിൽ ചവിട്ടി പിടിച്ചുമാണ്. അമ്മ മേരിക്കുട്ടിയെ കൊന്നത് മുഖത്തിടിച്ചും കയ്യിൽ പിടിച്ച് കറക്കി ഭിത്തിയിലേക്കെറിഞ്ഞുമാണെന്ന് പൊലീസ് പറഞ്ഞു.
ഏപ്രിൽ നാലാം തീയതി രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ രണ്ടു ദിവസം വീടിനു പുറത്ത് ഗ്രീൻ നെറ്റിൽ പൊതിഞ്ഞു വച്ച ശേഷം മൂന്നാം ദിവസം അർധ രാത്രിക്ക് ശേഷം പ്രതി കുഴിച്ചിടുകയായിരുന്നു. പിന്നീട് സജി ഒന്നുമറിയാത്ത പോലെ വീട്ടിൽ താമസിച്ചു. അമ്മയെയും മൂത്ത സഹോദരനേയും ഇളയമകൻ കൊന്ന് കുഴിച്ച് മൂടി എന്ന് ബന്ധുക്കളും നാട്ടുകാരും സംശയം ഉന്നയിച്ചതോടെയാണ് ക്രൂര കൊലപാതകം പുറത്താവുന്നത്. പിന്നാലെ നടത്തിയെ തെരച്ചിലിൽ വീട്ടുവളപ്പിൽ നിന്ന് രണ്ട് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പിന്നാലെ പ്രദേശത്താകെ നാട്ടുകാരും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ പ്രതി സജിയെ തൊട്ടുത്ത പറമ്പിലെ ഒളിയിടത്തിൽ നിന്ന് കണ്ടെത്തി.
വിശദമായ ചോദ്യംചെയ്യലിൽ പ്രതി സജി കൊലക്കുറ്റം സമ്മതിച്ചു. സഹോദരന്റെ മാനസിക പീഡനവും വസ്തു തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് സജി പറയുന്നത്. സംഭവങ്ങൾ ഓരോന്നും സജി പൊലീസിന് വിവരിച്ചു നൽകുകയും ചെയ്തു. സജി ഒറ്റയ്ക്കാണ് രണ്ടു കൊലപാതകങ്ങളും നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം സജി ദിവങ്ങളോളം വീട്ടിൽ തന്നെ കഴിയുകയും ചെയ്തു. മേരിക്കുട്ടിയുടെയും റെജിയുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റു വാങ്ങി സാംസ്കരിച്ചു. ഡി എൻ എ ടെസ്റ്റ് നടത്താനുള്ള സാമ്പിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സജിയെ സംഭവ സ്ഥലത്തെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. അച്ഛൻ മാത്യുവിൻറെ തിരോധാനവുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താൻ കസ്റ്റഡിയിൽ വാങ്ങുന്നതിനായി അപേക്ഷയും നൽകും. ഇതോടൊപ്പം 2018 -ൽ സജിയുടെ പിതാവ് മാത്യുവിനെ കാണാതായ സംഭവത്തിലും പൊലീസ് തുടരന്വേഷണം നടത്തും.


