തിരുവനന്തപുരം കുമരിച്ചന്തയിൽ നിർമ്മിക്കുന്ന വെഹിക്കുലർ അണ്ടർപാസിന്റെ വീതി സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരമായി. ഡോ. ശശി തരൂർ എംപി, എൻഎച്ച്എഐ ചെയർമാനുമായി നടത്തിയ ചർച്ചയെത്തുടർന്ന് അണ്ടർപാസിന് 30 മീറ്റർ വീതമുള്ള 3 സ്പാനുകൾ നിർമ്മിക്കാൻ തീരുമാനമായി. 

തിരുവനന്തപുരം: ദേശീയപാത 66 വികസനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം കുമരിച്ചന്തയിൽ നിർമ്മിക്കുന്ന വെഹിക്കുലർ അണ്ടർപാസിൻ്റെ (VUP) നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പരിഹാരമായി. നാഷണൽ ഹൈവേ അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവുമായി ഡോ. ശശി തരൂർ എം.പി നടത്തിയ നിർണ്ണായക ചർച്ചകൾക്കൊടുവിൽ അണ്ടർപാസിൻ്റെ വിസ്തീർണം വർദ്ധിപ്പിക്കാൻ തീരുമാനമായി. പദ്ധതിയുടെ തുടക്കത്തിൽ 20 മീറ്റർ വീതിയുള്ള ഒരൊറ്റ സ്പാൻ മാത്രമുള്ള അണ്ടർപാസ് ആയിരുന്നു വിഭാവനം ചെയ്തിരുന്നത്.

ഇതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയതോടെ ശശി തരൂർ എംപി ഇടപെടുകയും, 20 മീറ്റർ വീതമുള്ള 3 സ്പാനുകൾ അനുവദിക്കാൻ തീരുമാനമാവുകയും ചെയ്തിരുന്നു. എന്നാൽ ഈ അളവ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ജനങ്ങൾ പ്രക്ഷോഭം ശക്തമാക്കിയതോടെ ദേശീയപാത നിർമ്മാണം തടസപ്പെടുന്ന സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിൽ ഡോ. ശശി തരൂർ വീണ്ടും എൻഎച്ച്എഐ ചെയർമാനുമായി വിഷയം ചർച്ച ചെയ്യുകയും, ദിവസവും ഇതുവഴി യാത്ര ചെയ്യുന്ന പൊതുജനങ്ങളുടെ ആശങ്കകളും പ്രായോഗിക ബുദ്ധിമുട്ടുകളും ബോധ്യപ്പെടുത്തുകയും ചെയ്തു.

തുടർന്ന്, നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ 30 മീറ്റർ വീതമുള്ള 3 സ്പാനുകൾ എന്ന പുതിയ നിർദ്ദേശത്തിന് എൻ.എച്ച്.എ.ഐ അംഗീകാരം നൽകുകയായിരുന്നു. ജനകീയ സമിതി നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ഈ പുതിയ തീരുമാനം അംഗീകരിച്ചതായി എംപി അറിയിച്ചു. ജനങ്ങളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിച്ച എൻഎച്ച്എഐ ചെയർമാന് നന്ദി അറിയിക്കുന്നതായും, പ്രശ്നത്തിന് ശാശ്വത പരിഹാരമായ സാഹചര്യത്തിൽ സമരപരിപാടികൾ അവസാനിപ്പിച്ച് നിർമ്മാണ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.