കേരളത്തിലെ ലഹരി വില്‍പനയിലെ മുഖ്യകണ്ണിയായ പൊന്ന് അജ്മലിനെ കര്‍ണാടക പോലീസ് പിടികൂടി. ഇയാളില്‍ നിന്നും 50 ഗ്രാം എംഡിഎംഎയും മാരകായുധവും കണ്ടെടുത്തു. ഇയാളുടെ അറസ്റ്റ് നാട്ടുകാര്‍ പടക്കം പൊട്ടിച്ചും മധുരം നൽകിയും ആഘോഷമാക്കി.

കോഴിക്കോട്: കേരളത്തിലെ രാഹലഹരി വില്‍പനയിലെ മുഖ്യകണ്ണിയായി അറിയപ്പെട്ടിരുന്ന പിടികിട്ടാപ്പുള്ള പൊന്ന് അജ്മല്‍ എന്ന ചെന്നിലോട്ട് അജ്മലിനെ(30) കര്‍ണാടക പോലീസ് പിടികൂടി. കോഴിക്കോട് കുറ്റ്യാടി വേളം സ്വദേശിയാണ് ഇയാള്‍. ഇയാളെയും കൂട്ടാളികളെയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.

വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നില്‍ ഇസ്മായില്‍(28), പാലേരി കാഞ്ഞായി വീട്ടില്‍ ഷംസീര്‍(27) എന്നിവരാണ് ഇയാളോടൊപ്പം പിടിയിലായ മറ്റ് രണ്ട് പേര്‍. ദക്ഷിണ കന്നട ജില്ലയിലെ പുറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഹന പരിശോധനക്കിടയില്‍ മൂവരും സഞ്ചരിച്ച കാര്‍ പോലീസ് തടഞ്ഞ് പരിശോധിക്കുകയും 50 ഗ്രാം എംഡിഎംഎയും സീറ്റിനടിയില്‍ ഒളിപ്പിച്ചുവെച്ച മാരകായുധവും കണ്ടെത്തുകയായിരുന്നു.

ഇയാളെ കഴിഞ്ഞ ദിവസം ഉച്ചയോടെ കോഴിക്കോട് കുര വേളത്തെ ചെന്നിലോട്ട് വീട്ടില്‍ തെളിവെടുപ്പിനായ് കൊണ്ടുവന്നു. നാട്ടുകാരുടെ ഏറെ നാളായുള്ള ആഗ്രഹമാണ് കര്‍ണാടക പോലീസ് നിറവേറ്റിയത്. നാട്ടിലെ യുവാക്കളുടെ നേതൃത്വത്തില്‍ തന്നെ കൂട്ടായ്മ രൂപീകരിച്ച് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടായിരുന്നു. അജ്മലുമായി കര്‍ണാടക പോലീസ് എത്തിയെന്നറിഞ്ഞ് പഠക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും നാട്ടുകാര്‍ ആഘോഷിച്ചു.

ഇവിടെ ഏകദേശം രണ്ട് കോടി രൂപയോളം സാമ്പത്തിക ബാധ്യത ഇയാള്‍ക്ക് ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ബാംഗ്ലൂരിലേക്ക് കുടിയേറുകയായിരുന്നു. അവിടെ എംഡിഎംഎ നിര്‍മിക്കുകയും ഏജന്റുമാരെ ഉപയോഗിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. ഇടയ്ക്കിടെ ബാംഗ്ലൂരില്‍ നിന്നും താവളം മാറ്റിയിരുന്ന ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതും പോലീസിന് വിലങ്ങുതടിയായി.