രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന്‍റെ കരൾ സ്വീകരിച്ച കുഞ്ഞിനെ അവളുടെ മാതാപിതാക്കൾ ആദ്യമായി കണ്ടു. വാഹനാപകടത്തിൽ മരിച്ച ആലിൻ, പത്തുമാസത്തെ ജീവിതത്തിനിടയിൽ നാലുപേർക്കാണ് പുതുജീവൻ നൽകിയത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നടന്ന ഈ കൂടിക്കാഴ്ച ഏറെ വികാരനിർഭരമായിരുന്നു.

തിരുവനന്തപുരം: കരൾ പിടയുന്നൊരു കൂടിക്കാഴ്ചയുണ്ടായി ഇന്നലെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിൻ ഷെറിന്‍റെ കരൾ സ്വീകരിച്ച കുഞ്ഞിനെ ആലിന്‍റെ അച്ഛനും അമ്മയും ആദ്യമായി കണ്ടു. മകൾ മറ്റൊരാൾക്ക് ജീവനായതിൽ അവർ സന്തോഷിച്ചു, ഓർമകളിൽ കരഞ്ഞു. കരൾ സ്വീകരിച്ചവരുടെയും പകുത്തുനൽകിയവരുടെ കുടുംബങ്ങളുടെയും സംഗമമായിരുന്നു വേദി. പത്തുമാസത്തെ ജീവിതത്തിനിടയിൽ നാലുപേർക്ക് പുതുജീവൻ നൽകി ലോകം വിട്ടുപോയ കുഞ്ഞുമാലാഖ ആലിൻ ഷെറിന്‍റെ മാതാപിതാക്കളായ അരുണും ഷെറിനും തിരുവനന്തപുരം കിംസ് ആശുപത്രിയിൽവെച്ചാണ് ദ്രിയയെ കണ്ടത്.

ആശുപത്രിയിൽ ഏറെ നേരെ കാത്തിരിപ്പിനൊടുവിലാണ് ആലിന്‍റെ കരൾ സ്വീകരിച്ച എട്ട് മാസം പ്രായമുളള ദ്രിയ മോളെ അരുണും ഷെറിനും കണ്ടത്. കുഞ്ഞിനെ നിറ കണ്ണുകളോടെയാണ് അരുണും ഷെറിനും ഓമനിച്ചത്. ആലിൻ ഷെറിന്‍റെ മുത്തച്ഛൻ റെജി ശാമുവേലും കൂടെയുണ്ടായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ഫെബ്രുവരി 13ന് ആലിൻ ഷെറിൻ വിടവാങ്ങിയത്. അവളുടെ കുഞ്ഞുവൃക്കകൾ സ്വീകരിച്ച പത്തുവയസ്സുകാരിയുടെ ആരോഗ്യവും മെച്ചപ്പെടുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം കുട്ടിയുടെ ഹൃദയവാൽവ് സ്വീകരിക്കുന്നയാളെ കണ്ടെത്തിയിട്ടില്ല.

പത്തുമാസത്തെ ജീവിതത്തിനിടയിൽ നാലുപേർക്ക് പുതുജീവനേകിയാണ് കുഞ്ഞുമാലാഖ ആലിൻ ലോകം വിട്ടുപോയത്. ആലിൻ ഷെറിൻ ഏബ്രഹാമിന്റെ ഒന്നാം പിറന്നാളായിരുന്നു കഴിഞ്ഞയാഴ്ച. കഴിഞ്ഞ ഫെബ്രുവരി 5ന് എംസി റോഡിലെ ചിങ്ങവനം പള്ളം ബോർമ കവലയ്ക്കു സമീപത്തുവച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ആലിൻ 13ന് ആണ് മരിക്കുന്നത്. ബന്ധുവിന്റെ ഡോക്ടറേറ്റ് ലഭിക്കുന്ന ചടങ്ങിൽ പങ്കെടുത്തശേഷം തിരുവല്ലയിലുള്ള ബന്ധുവിന്റെ കുഞ്ഞിനെ കാണുന്നതിനായി ഷെറിൻ, പിതാവ് ജോൺ, അമ്മ ജെസി എന്നിവർക്കൊപ്പം പോകുമ്പോഴായിരുന്നു അപകടം. മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ ഇരുവൃക്കകളും കരളും ഹൃദയ വാൽവുകളും നേത്രപടലങ്ങളും ദാനം ചെയ്തിരുന്നു.