പ്ലസ് ടു വിദ്യാർത്ഥിനി അയോന മോൺസൺ (17) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. അയോന മോൺസൺ ആണ് മരിച്ചത്. 17 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു അയോന മോൺസൺ.
രാവിലെ മോഡൽ എക്സാമിനായി എത്തിയ അയോന മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. അമ്മ വിദേശത്തേക്ക് പോകാനിരിക്കെയായിരുന്നു അപകടം. കുട്ടിയെ കുടുംബപരമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായാണ് സൂചന. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. നാളെ ഉച്ചയ്ക്ക് തിരൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ വെച്ചായിരിക്കും സംസ്കാരം. നാല് പേർക്ക് പുതുജീവൻ നൽകിയാണ് അയോനയുടെ മടക്കം. മസ്തിഷകമരണം സംഭവച്ചിതോടെ രക്ഷിതാക്കളാണ് അവയവദാനത്തിന് സമ്മതം നൽകിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

