തിരുവനന്തപുരത്തെ പാറോട്ടുകോണത്ത് ഒരു കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് ഇരട്ടകളുടെ അപൂർവ്വ സംഗമത്തിന് വേദിയായി. ഓൾ ട്വിൻസ് അസോസിയേഷൻ വഴി പരിചയപ്പെട്ട, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരട്ടകൾ ചടങ്ങിൽ പങ്കെടുത്തു.
തിരുവനന്തപുരം: തിരുവനന്തപുരത്തെ പാറോട്ടുകോണത്ത് ഇരട്ടകളുടെ അപൂർവ്വ സംഗമം. ഒരു കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങാണ് ഇരട്ടകളുടെ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. സംസ്ഥാനത്തെ മിക്കവാറും എല്ലാ ജില്ലകളിൽ നിന്നുമുള്ള ഇരട്ടകൾ ചടങ്ങിനെത്തി.
വിവിധ ജില്ലകളിൽ നിന്നായി ഇരട്ടകൾ പാറോട്ടുകോണത്തെ നെല്ലുവിള വീട്ടിൽ എത്തി. ഒരുമിച്ച് ജനിച്ച മൂന്ന് പേരും അവർക്കൊപ്പം ചേർന്നു. ഓൾ ട്വിൻസ് അസോസിയേഷൻ എന്ന സംഘടന വഴിയാണ് ഇവർ പരസ്പരം പരിചയപ്പെട്ടത്. പത്തനംതിട്ട സ്വദേശികളായ വിശ്വാസ് എസ് വാവോലിൽ, വ്യാസ് എസ് വാവോലിൽ എന്നിവർ ഇരട്ട സഹോദരങ്ങളാണ്. ഇതിൽ വ്യാസ് എസ് വാവോലിൻ്റെ മകളുടെ നൂലുകെട്ട് ചടങ്ങിലാണ് ഇവർ എത്തിയത്.
നൂലുകെട്ട് ചടങ്ങ് ഇരട്ടകളുടെ അപൂർവ സംഗമമായി മാറി. കഥ പറഞ്ഞും പാട്ടുപാടിയും നൂലുകെട്ട് ചടങ്ങ് ഇവർ കളർഫുൾ ആക്കി. ആയിരത്തിലധികം പേർ ഉണ്ട് ആൾ ട്വിൻസ് അസോസിയേഷനിൽ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അംഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം, ആശുപത്രി ചെലവുകൾ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് അസോസിയേഷൻ ചെയർമാൻ വ്യാസ് എസ് വാവോലിൽ പറഞ്ഞു. കൂടുതൽ പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉല്ലാസയാത്ര ഉൾപ്പെടെ ഉടൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
