ജ്യോത്സ്യതിഷമാണ് ജോലിയെങ്കിലും സമൂഹ മാധ്യമങ്ങളിൽ റീൽസുകൾ ഇട്ടാണ് മുരാരി തന്ത്രി പ്രചാരം നേടിയത്. രാജൻ ബാബു എന്നാണ് യഥാർത്ഥ പേര്. പാട്ടും ഡാൻസുമാണ് പ്രിയം.

കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു റീൽസിലും താരം. ജ്യോത്സ്യതിഷമാണ് ജോലിയെങ്കിലും സമൂഹ മാധ്യമങ്ങളിൽ റീൽസുകൾ ഇട്ടാണ് മുരാരി തന്ത്രി പ്രചാരം നേടിയത്. രാജൻ ബാബു എന്നാണ് യഥാർത്ഥ പേര്. പാട്ടും ഡാൻസുമാണ് പ്രിയം. ബാധയൊഴിപ്പിക്കലിൻ്റെ മറവിൽ 16 കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. കൊല്ലം വെണ്ടാറിലെ പ്രതിയുടെ ജ്യോതിഷാലയത്തിൽ വെച്ച് ലൈംഗികാതിക്രമ ശ്രമം നടന്നതെന്നാണ് പരാതി. ഒളിവിൽ പോയ പ്രതിയെ ഭരണിക്കാവിലെ ലോഡ്ജിൽ നിന്ന് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.

വെണ്ടാറിലെ മുരാരി ജ്യോതിഷാലയത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്നടക്കം നിരധിയാളുകൾ വന്നുപോയിരുന്നു. ഇന്നലെയാണ് ബാധയൊഴിപ്പിക്കലിനായി 16 കാരിയും അമ്മയും ഇവിടെ എത്തിയത്. അമ്മയെ പുറത്തിരുത്തി കുട്ടിയെ അകത്തേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്നാണ് പരാതി. സംഭവ ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതി ഒളിവിൽ പോയി. രാത്രി മുഴുവൻ തെരഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പുത്തൂർ സിഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി ഭരണക്കാവിലെ ലോഡ്ജിൽ ഉണ്ടെന്ന് മനസിലാക്കി. രഹസ്യ നീക്കത്തിലൂടെ പ്രതിയെ ലോഡ്ജിൽ നിന്ന് പിടികൂടി. ആഡംബര ജീവിതം നയിക്കുന്നയാളായിരുന്നു മുരാരി തന്ത്രി. ഓട്ടോ തൊഴിലാളിയായിരുന്ന രാജൻബാബു മുരാരി തന്ത്രിയെന്ന സമ്പന്നനായ ജ്യോത്സ്യനായി വളർന്നത് ദുരൂഹമെന്നാണ് നാട്ടുകാർ പറയുന്നത്.