കോഴിക്കോട് മൂന്നാലിങ്കലിൽ ലഹരിക്കടിമയായ മകൻ്റെ അതിക്രമം സഹിക്കവയ്യാതെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ യാസിൻ അറാഫത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പിതാവ് അബൂബക്കർ സിദ്ദീഖിനെയും മറ്റൊരു മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട്: ലഹരിക്കടിമയായ മകന്റെ അതിക്രമം സഹിക്കാതായതിനെ തുടര്‍ന്ന് പിതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് മൂന്നാലിങ്കലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പള്ളിക്കണ്ടി സ്വദേശി യാസിന്‍ അറാഫത്ത് എന്ന യുവാവിനാണ് കുത്തേറ്റത്. പിതാവ് അബൂബക്കര്‍ സിദ്ദീഖിനെയും മറ്റൊരു മകന്‍ മുഹമ്മജ് ജാബിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നാലിങ്കല്‍ ജംഗ്ഷന് സമീപം ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ലഹരിക്കടിമയായ മകന്‍ ആക്രമിച്ചതിനെ തുടര്‍ന്ന് കുത്തിയതെന്നാണ് പിതാവിന്റെ മൊഴി.

യാസിന്‍ അറാഫത്തിന്റെ പരിക്ക് സാരമുള്ളതല്ല. മകന്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുന്നതിനെതിരെ പിതാവ് നേരത്തെ പോലീസിനെ സമീപിച്ചിരുന്നു. യാസിര്‍ റാഫത്ത് നിരന്തര ശല്യക്കാരനായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. അബൂബക്കര്‍ സിദ്ദീഖ് കോഴിക്കോട് ബീച്ചിന് സമീപം തട്ടുകട നടത്തുന്ന ആളാണ്. വയറിന് പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.