കോഴിക്കോട് വടകര തിരുവള്ളൂരിൽ തുടരുന്ന സിപിഎം-മുസ്ലിം ലീഗ് സംഘർഷത്തിനിടെ ചാനിയംകടവിൽ നിന്ന് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്, ഇതോടെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.

കോഴിക്കോട്: വടകര തിരുവള്ളൂരില്‍ സിപിഎം - മുസ്ലിം ലീഗ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ ചാനിയംകടവില്‍ നിന്ന് ഇന്ന് മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ഇതോടെ പ്രദേശവാസികളും നാട്ടുകാരും വീണ്ടും ആശങ്കയിലാണ് കഴിയുന്നത്. പ്രദേശത്തെ സമാധാന അന്തരീക്ഷം കൂടുതൽ കലുഷിതമാകുമെന്നാണ് ജനത്തിൻ്റെ ആശങ്കയ്ക്ക് കാരണം. പ്രദേശത്ത് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.

മുസ്ലിം ലീഗ് ശക്തി കേന്ദ്രത്തില്‍ നിന്നാണ് ഇവ ലഭിച്ചതെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളിലുണ്ടായ സിപിഎം - ലീഗ് സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. സി പി എം പ്രവര്‍ത്തകന്‍ അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ചാത്തന്‍മണ്ണില്‍ ഇക്ബാല്‍, താഴെ കുറ്റിക്കാട്ടില്‍ യൂസുഫ് എന്നിവര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരാൻ ഇനി രണ്ടാഴ്ചയോളം ബാക്കി നിൽക്കെ സംഘർഷം കൂടുതൽ മൂർച്ഛിക്കാതിരിക്കാൻ ജാഗ്രതയോടെയാണ് പൊലീസ് ഇടപെടുന്നത്.