കേവല ഭൂരിപക്ഷമില്ലാത്ത പാലാ നഗരസഭയിൽ ഭരണം ആർക്കെന്ന് പുളിക്കകണ്ടം കുടുംബം നാളെ തീരുമാനിക്കും. മൂന്ന് സ്വതന്ത്ര അംഗങ്ങളുള്ള കുടുംബം യുഡിഎഫിനെ പിന്തുണയ്ക്കാനാണ് സാധ്യത. 

കോട്ടയം: പാലായിൽ ഏത് മുന്നണിയെ പിന്തുണക്കണമെന്നതിൽ പുളിക്കകണ്ടം കുടുംബത്തിന്റെ പ്രഖ്യാപനം നാളെ. ഇന്ന് മുന്നണികളുമായി നേരിട്ട് ചർച്ച നടക്കും. യുഡിഎഫിനെ പിന്തുണക്കാനാണ് സാധ്യത കൂടുതൽ. ജനസഭയിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടത് യുഡിഎഫിനെ പിന്തുണക്കണമെന്നായിരുന്നു. ആരെ പിന്തുണച്ചാലും ദിയ ബിനുവിന് രണ്ടര വർഷം ചെയർപേഴ്സൺ സ്ഥാനം ആവശ്യപ്പെടും.

പൊതുജനങ്ങളിൽ നിന്നും അഭിപ്രായം എഴുതി വാങ്ങി, ആവശ്യം അംഗീകരിക്കുന്നവരെ പിന്തുണയ്ക്കാനാണ് ഏകദേശ ധാരണ. ജനസഭയിൽ വെച്ച് ഭൂരിപക്ഷം ആളുകളും യുഡിഎഫിന് പിന്തുണയ്ക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇതിനടിസ്ഥാനത്തിൽ യുഡിഎഫുമായിട്ടായിരിക്കും ആദ്യം ചർച്ച നടത്തും. എൽഡിഎഫ് നേതാക്കളുമായും ചർച്ച നടത്തുമെന്ന് ബിനു പുളക്കകണ്ടം യോഗത്തിൽ പറഞ്ഞു. ജനസഭയിൽ ഒരു വന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ചൊവ്വാഴ്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും.

പുളിക്കകണ്ടം കുടുംബത്തിലെ കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവര്‍ വിജയിച്ച മൂന്നു വാര്‍ഡുകളിലെ പൊതുജനങ്ങളാണ് ജനസഭയിൽ പങ്കെടുത്തത്. പിന്തുണ തേടി സമീപിച്ച എൽഡിഎഫ്, യുഡിഎഫ് നേതാക്കളെയും പുളിക്കകണ്ടം കുടുംബം ജനസഭയിലെ തീരുമാനം അറിയിക്കും. പുളിക്കകണ്ടം കുടുംബത്തിൽ നിന്നും വിജയിച്ച സ്വതന്ത്ര അംഗങ്ങളടക്കം ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിനുശേഷമാണ് വൈകിട്ട് ജനസഭ നടന്നത്. എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാത്ത പാല നഗരസഭയിൽ സ്വതന്ത്രരായി ജയിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാരുടെ തീരുമാനം ഭരണത്തിൽ ഏറെ നിര്‍ണായകമാണ്. കേരള കോൺഗ്രസ് എമ്മിന് ഭരണം നഷ്ടമായ നഗരസഭയാണ് പാലാ. ഇവിടെ സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രണ്ട് മുന്നണികളും.

ആകെയുള്ള 26 സീറ്റിൽ 12 സീറ്റിലും എൽഡിഎഫ് ആണ് വിജയിച്ചത്. പത്ത് സീറ്റിൽ യുഡിഎഫും വിജയിച്ചു. നാലിടത്താണ് സ്വതന്ത്രര്‍ വിജയിച്ചത്. സ്വതന്ത്രരിൽ മൂന്ന് പേരാണ് പുളിക്കകണ്ടം കുടുംബത്തിൽ നിന്നുള്ളത്. മുൻ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്‍റെ മകൾ ദിയ പുളിക്കണ്ടം എന്നിവരാണ് സ്വതന്ത്രരായി ഒരേ കുടുംബത്തിൽ നിന്ന് വിജയിച്ച മൂന്നുപേര്‍. ഇതിനുപുറമെ 19ാം വാര്‍ഡിൽ നിന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മായ രാഹുലും വിജയിച്ചു. നാലു പേരുടെയും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മുന്നണികള്‍. ആദ്യം യു‍ഡിഎഫുമായി ചര്‍ച്ച നടത്തുമെന്നാണ് ജനസഭയിൽ ബിനു പുളിക്കകണ്ടം വ്യക്തമാക്കിയിട്ടുള്ളത്.

ബിനുവും ബിജുവും ദിയയും മത്സരിച്ച വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ഇതിനാൽ പുളിക്കകണ്ടം കുടുംബം പിന്തുണയ്ക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. കോൺഗ്രസ് വിമതയായിരുന്നെങ്കിലും മായ രാഹുലും പുളിക്കക്കണ്ടം കുടുംബത്തിന്‍റെ തീരുമാനത്തിനൊപ്പം നിന്നേക്കും. ആദ്യ ടേമിൽ തന്നെ ചെയർപേഴ്സൺ സ്ഥാനം നൽകാൻ യുഡിഎഫ് തയ്യാറാണ്.