1995-നുശേഷം യുഡിഎഫ് വിജയിച്ച പുന്നപ്ര തെക്കില്‍ ലീഗ് ആവശ്യപ്പെട്ട വൈസ് പ്രസിഡന്‍റ് സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ലീഗ് അംഗങ്ങള്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു.

അമ്പലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ച അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ മൂന്നിടങ്ങളിലും സ്ഥാനമാനങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കും വാക്കേറ്റങ്ങള്‍ക്കും ഒടുവില്‍ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്തില്‍ ഭൂരിപക്ഷം കിട്ടിയ പുന്നപ്ര തെക്ക്, പുറക്കാട് പഞ്ചായത്തുകളിലും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലുമാണ് അധ്യക്ഷ - ഉപാധ്യക്ഷ സ്ഥാനങ്ങളെച്ചൊല്ലി തര്‍ക്കം നിലനിന്നത്. ഉച്ചയ്ക്കുശേഷം നടന്ന ചര്‍ച്ചയില്‍ ഉപാധ്യക്ഷപദവി രണ്ടരവര്‍ഷം വീതം പങ്കിടാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസിലെ കെ എഫ് തോബിയാസ് ആദ്യ ടേമിലും ലീഗിലെ മധു കാട്ടിൽച്ചിറ രണ്ടാം ടേമിലും വൈസ് പ്രസിഡന്‍റാകും. പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിലെ റാണി ഹരിദാസും ജെ ജയയും രണ്ടരവര്‍ഷം വീതം പങ്കിടും. റാണി ഹരിദാസ് ആണ് നിലവിലെ പ്രസിഡന്‍റ്.

1995-നുശേഷം യുഡിഎഫ് വിജയിച്ച പുന്നപ്ര തെക്കില്‍ ലീഗ് ആവശ്യപ്പെട്ട വൈസ് പ്രസിഡന്‍റ് സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ലീഗ് അംഗങ്ങള്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയും യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ കമാല്‍ എം മാക്കി, പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ താജ് എന്നിവര്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. അതേസമയം പുറക്കാട് പഞ്ചായത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും അമ്പലപ്പുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹമീദിന്റെ ഭാര്യയുമായ റഹ്മത്ത് ഹമീദിനെ പ്രസിഡന്‍റാക്കുന്നതിനെതിരെ വിജയിച്ച കോണ്‍ഗ്രസ് അംഗങ്ങളില്‍ ഭൂരിപക്ഷവും രംഗത്തുവന്നു. ഇവര്‍ സിന്ധു ബേബിയെ അനുകൂലിച്ചതോടെ പ്രസിഡന്‍റ് സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടാന്‍ തീരുമാനിച്ചു.

ആദ്യ ടേമില്‍ റഹ്മത്ത് ഹമീദാണ് പ്രസിഡന്റ്. സുനില്‍കുമാര്‍ വൈസ് പ്രസിഡന്റാകും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നിര്‍ദേശിച്ച വിഷ്ണുപ്രസാദിനെതിരെ അംഗങ്ങള്‍ മനീഷിന് പിന്തുണയുമായി എത്തിയതും തര്‍ക്കത്തിനിടയാക്കി. ഒടുവില്‍ രണ്ടരവര്‍ഷം വീതം പങ്കിടാന്‍ തീരുമാനിക്കുകയും ആദ്യ ടേമില്‍ മനീഷിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു. എല്‍ഡിഎഫ് വിജയിച്ച പുന്നപ്ര വടക്കില്‍ അജിത ശശി പ്രസിഡന്‍റായും പി ആര്‍ രതീഷ് കുമാര്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. അമ്പലപ്പുഴ വടക്കില്‍ അനിത സതീഷ് പ്രസിഡന്‍റും രജിത സന്തോഷ് വൈസ് പ്രസിഡന്റുമാണ്. അമ്പലപ്പുഴ തെക്കില്‍ കെ കവിത പ്രസിഡന്റായും ഗീത വൈസ് പ്രസിഡന്‍റായും ചുമതലയേറ്റു.