കോവളത്തെ ഹോട്ടലിൽ കുക്ക് ആയി ജോലി നോക്കി വരുകയായിരുന്നു സുമൻ. ഒരു അപകടത്തിൽ കൈയ്ക്ക് പൊള്ളലേറ്റതിനെ തുടർന്ന് കുറച്ചു ദിവങ്ങളായി ജോലിക്ക് പോയിരുന്നില്ല. സുഹൃത്ത് വീട്ടിൽ വന്ന് വിളിച്ചു കൊണ്ടുപോയതിന് ശേഷം പിന്നീട് അറിയുന്നത് മരണ വാർത്തയാണെന്ന് വീട്ടുകാർ പറയുന്നു.

തിരുവനന്തപുരം: 'മോളെ കാണാൻ നാളെ അച്ഛൻ വരും, നമുക്ക് കാണാം' ഏകമകൾ അനാർക്കലിക്ക് സുമൻ നൽകിയ അവസാന വാഗ്ദാനമായിരുന്നു ഇത്. എന്നാൽ അച്ഛന്റെ വരവും കാത്തിരുന്ന അഞ്ചുവയസുകാരിയുടെ മുന്നിലേക്ക് ഇന്നലെ എത്തിയത് സുമന്റെ മരണവാർത്തയാണ്. അച്ഛനെ കാത്തിരുന്ന കുഞ്ഞിന് മുന്നിലെറ്റത് സുമന്‍റെ ജീവനറ്റ ശരീരവും. വിഴിഞ്ഞത്തെ ബാറിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് സുമനെ(38) രണ്ട് യുവാക്കൾ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊലപ്പെടുത്തിയത്.

ഭാര്യ രമ്യയുമായി ഏതാനും നാളുകളായി അകന്നുനിൽക്കുന്ന സുമൻ ഇടയ്ക്ക് മകളെ കാണാനായി ചൊവ്വരയിലെ ഭാര്യാവീട്ടിലെത്തുമായിരുന്നു. ഇന്നലെ എത്താമെന്ന് ഫോൺ ചെയ്തത് അറിയിച്ചെന്നും പിന്നീടാണ് ജീവൻ നഷ്ടമായ വിവരമറിയുന്നതെന്നും രമ്യ മാധ്യമങ്ങളോട് പറഞ്ഞു. പ്രസവിച്ച് രണ്ടാം മാസം അമ്മ മരിച്ചതിനാൽ സുമന്റെ കുഞ്ഞമ്മ ശശികലയും അമ്മൂമ്മ കൗസല്യയുമാണ് സുമനെ വളർത്തിയത്. സ്വന്തമായി വീടില്ലാത്തതിനാൽ കുഞ്ഞമ്മയ്ക്കൊപ്പമാണ് ഇവർ കഴിഞ്ഞിരുന്നത്. കോവളത്തെ ഹോട്ടലിൽ കുക്ക് ആയി ജോലി നോക്കി വരുകയായിരുന്നു സുമൻ. ഒരു അപകടത്തിൽ കൈയ്ക്ക് പൊള്ളലേറ്റതിനെ തുടർന്ന് കുറച്ചു ദിവങ്ങളായി ജോലിക്ക് പോയിരുന്നില്ല.

 സുഹൃത്ത് വീട്ടിൽ വന്ന് വിളിച്ചു കൊണ്ടുപോയതിന് ശേഷം പിന്നീട് അറിയുന്നത് മരണ വാർത്തയാണെന്ന് വീട്ടുകാർ പറയുന്നു. വിഷുദിനത്തിന് തലേന്ന് വൈകിട്ടാണ് സഹോദരങ്ങൾ ചേർന്ന് സുമനെ തല്ലിക്കൊന്നത്. ബാറിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് മർദനമുണ്ടായത്. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ മുക്കോലയിലെ ബാറിലാണ് യുവാക്കൾ ഏറ്റുമുട്ടിയത്. ഷാൻ എന്ന ചെറുപ്പക്കാരനുമായി ദൃശ്യങ്ങളിലുള്ള ചെറുപ്പക്കാർ ബാറിൽ വെച്ച് തർക്കമുണ്ടായി. ഇതിൽ ഇടപെട്ട സുമനെതിരെ അക്രമി സംഘം തിരിയുകയും ഇറങ്ങി പുറത്തേക്കോടിയ സുമനെ പിന്തുടർന്ന് സഹോദരങ്ങളായ യുവാക്കൾ മർദിക്കുകയുമായിരുന്നു.

എന്നാൽ ഒപ്പമുണ്ടായിരുന്ന മറ്റു സുഹൃത്തുക്കൾ ദൃശ്യങ്ങൾ പകർത്തി എന്നതല്ലാതെ ആക്രമണത്തെ തടയാൻ ശ്രമിച്ചില്ല. അവശനിലയിലായ സുമനെ വീണ്ടും യുവാക്കൾ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സഹോദരങ്ങളായ അച്ചുവും അനന്തവും ചേർന്നാണ് സുമനെ അതിക്രൂരമായി മർദിച്ചത്. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയാണ് സുമൻ മരിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പ്രതികൾ പിടിയിലായി.