മലപ്പുറം ചോക്കാട് നെല്ലിക്കര മലവാരത്ത് കാട്ടുതീ പടർന്നുപിടിക്കുന്നു. ഏക്കർകണക്കിന് വനം കത്തിനശിച്ചതായാണ് റിപ്പോർട്ട്. വനപാലകരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്, എന്നാൽ തീ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് ആശങ്കയുണ്ടാക്കുന്നു.

മലപ്പുറം: ചോക്കാട് നെല്ലിക്കര മലവാരത്ത് കാട്ടുതീ പടരുന്നു. വനസംരക്ഷണ സമിതിയും നാട്ടുകാരും ഒരു വിഭാഗം വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണമായി ഫലം കണ്ടിട്ടില്ല. എന്നാൽ, നെല്ലിക്കര മലവാരത്തില്‍നിന്ന് മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫലം കണ്ടിട്ടുണ്ട്. നാല്‍പ്പതുസെന്റ് നഗറില്‍ നെല്ലിക്കര മലവാരത്തിലും തീ പടരുകയാണ്. കാട്ടുതീ പടരാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. ഏക്കര്‍കണക്കിന് വനം കത്തി നശിച്ചിട്ടുണ്ട്.

തീ ജനവാസ കേന്ദ്രങ്ങളിലേക്കും മറ്റ് കൂടുതല്‍ വന ഭാഗങ്ങളിലേക്കും പടരാതിരിക്കാനുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. രണ്ട് വര്‍ഷം മുമ്പും സമാന സ്ഥലങ്ങളില്‍ തീ പടര്‍ന്നിരുന്നു. അന്ന് നൂറുകണക്കിന് ഏക്കര്‍ വനമാണ് കത്തി നശിച്ചത്. തുടര്‍ന്ന് നാട്ടുകാരും വിവിധ ക്ലബുകളുടെ നേതൃത്വത്തിലും നടത്തിയ ദിവസങ്ങളോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് തീയണക്കാനായത്. അമ്പതോളം വരുന്ന നാട്ടുകാര്‍ മൂന്ന് ഗ്രൂപ്പുകളായിട്ടാണ് തീ അണക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. കാട്ടുതീ വീഡിയോ എടുക്കുന്നതിനും, ഫോട്ടോ എടുക്കുന്നതിനും വനം വകുപ്പ് കര്‍ശനമായി നാട്ടുകാരെ വിലക്കിയിരിക്കുകയാണ്.

നാല്‍പത് സെന്റ് നഗറില്‍ നിന്ന് രണ്ട് കിലോമീറ്ററോളം ഉള്‍വനത്തിലാണ് കാട്ടുതീ പടര്‍ന്നിരിക്കുന്നത്. നാല്‍പത് സെന്റ്‌ നഗറില്‍ നിന്ന് മലവാരത്തിലെ കാട്ടുതീ പടരുന്നത് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു എങ്കിലും തീ പൂര്‍ണമായി നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.